മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ചൂട് കൂടിയേക്കും; ജാഗ്രതാ നിർദേശം

 
hot
 മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്നും നാളെയും ചൂട് കഠിനമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയം ജില്ലയിൽ വെളളിയാഴ്ച 38 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും സൂര്യാതാപ സാധ്യതയ്ക്കുളള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് ചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത മുന്നറിയിപ്പ് നൽകി. ചൂടു കൂടുന്നതിനൊപ്പം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം. ബോധവൽക്കരണം നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും കലക്ടർമാർക്കും നിർദേശം നൽകി.


കെട്ടിടങ്ങൾക്ക് പുറത്ത് ജോലി ചെയ്യുന്നവർ സമയക്രമം കർശനമായി പാലിക്കണം. രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കുക. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. യാത്രാ വേളയിൽ വെള്ളം കരുതുന്നു എന്നുറപ്പാക്കണം. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജൂസ് കുടിക്കുന്നവർ വെള്ളം നല്ലതാണെന്നും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പുവരുത്തണം, എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ.