പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന് ചരിത്രജയം ; ലീഡ് 37719 ; ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്നു; കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ മികച്ച പ്രകടനം

 
chandy

പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന് ചരിത്രജയം. 37719 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി നേടിയത്. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്നു . 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയത് 33,255 വോട്ടിന്റെ ലീഡായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായി . കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യു.ഡി.എഫിന്റെ മികച്ച പ്രകടനമാണിത്. 

ശക്തികേന്ദ്രങ്ങളിലും എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. എല്‍.ഡി.എഫിന്‍റെ കരുത്തായ മണര്‍കാടും ചാണ്ടി ഉമ്മനാണ് മുന്നേറ്റം.  ഇവിടെ ഒരു ബൂത്തിലും ജെയ്ക്കിന് ലീഡില്ല. എല്ലാ ബൂത്തിലും ചാണ്ടിക്കുതന്നെയാണ് ലീഡ്. സ്വന്തം ബൂത്തിലും ജെയ്ക്  പിന്നില്‍പോയി. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളില്‍ ബഹുദൂരം മുന്നിലാണ് യു.ഡിഎഫ് സ്ഥാനാര്‍ഥി.  മന്ത്രി വി.എന്‍.വാസവന്‍റെ ബൂത്തിലും ലീഡ് ചാണ്ടിക്കാണ്. തേരോട്ടം ആഘോഷമാക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ . ചാണ്ടി ഉമ്മനെ തോളിലേറ്റിയാണ് പ്രവര്‍ത്തകരും നേതാക്കളും ആഹ്ലാദം പ്രകടിപ്പിച്ചത്. 

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നു അച്ചു ഉമ്മന്‍ പ്രതികരിച്ചു. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തത് എന്തെന്ന ചോദ്യത്തിന് മറുപടി നല്‍കി. യാത്രയയപ്പിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി നല്‍കിയതെന്ന് അച്ചു പറഞ്ഞു. 

അതേസമയം, പുതുപ്പളളിയില്‍ യുഡിഎഫിന്റെ മിന്നുന്ന കുതിപ്പില്‍ ബിജെപിയെ പഴിചാരുകയാണ് എല്‍.ഡി.എഫ്. ബി.ജെ.പി വോട്ട് എങ്ങോട്ടുപോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ചോദിച്ചു. ബി.ജെ.പിക്ക് കിട്ടേണ്ട വോട്ടുപോലും കിട്ടിയില്ല. ഇടതു വോട്ടില്‍ വിള്ളല്‍ ഇല്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയോട് കൊടുംക്രൂരത കാട്ടിയവര്‍ക്കുള്ള ശിക്ഷയെന്ന് എ.കെ.ആന്റണിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആണിക്കല്ല് ഇളക്കിയെന്ന് രമേശ് ചെന്നിത്തലയും പിണറായിക്ക് എതിരായ ജനവികാരമെന്ന് കെ.സുധാകരനും പറഞ്ഞു.