യുഎസിൽ നിന്ന് മുഖ്യമന്ത്രി ഇന്ന് മടങ്ങിയെത്തില്ല; മടക്കയാത്ര ദുബായ് വഴി

 
chief_ minister _pinarayi _vijayan

ചികിത്സക്കായി യുഎസില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിലെത്തും. ഒരാഴ്ച യുഎഇയില്‍ തങ്ങിയ ശേഷമായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കുക. ദുബായിയിലെത്തുന്ന മുഖ്യമന്ത്രി ദുബായ് എക്‌സ്‌പോയില്‍ കേരളത്തിന്റെ പവലിയന്‍ ഉദ്ഘാടനം ചെയ്യും. പിന്നീട് എമിറേറ്റിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

ഇന്ന് ദുബയിലെത്തുന്ന മുഖ്യമന്ത്രി മൂന്ന് ദിവത്തെ വിശ്രമത്തിന് ശേഷമായിരിക്കും പൊതുപരിപാടിയിലേക്ക് കടക്കുക. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷമുള്ള ആദ്യമായി യുഎഇ സന്ദര്‍ശനം കുടിയാണ് ഇത്. സന്ദർശനത്തിൽ അബുദാബി, ഷാർജ എന്നിവിടങ്ങളിൽ അവിടുത്തെ ഭരണാധികാരികളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നുണ്ട്. ഫെബ്രുവരി ഏഴിന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിൽ നിന്നും ഇന്ന് അദ്ദേഹം മടങ്ങിയെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ മാസം ജനുവരി 15 നാണ് അദ്ദേഹം കൊച്ചിയിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ചത്. ഭാര്യ കമല അദ്ദേഹത്തെ യാത്രയിൽ അനുഗമിച്ചിരുന്നു. ഫെബ്രുവരി നാലിനാണ് ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്റെ ഉദ്ഘാടന ചടങ്ങ്.