മുഖ്യമന്ത്രിയുടെ നാഗർകോവിൽ സന്ദർശനം
മുഖ്യമന്ത്രിയുടെ നാഗർകോവിൽ സന്ദർശനത്തിന് മുന്നോടിയായി നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിൽ അടച്ചു. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്‍റ് ചെങ്കൽ റെജി, നിയമസഭാ സെക്രട്ടറി ലിജിത്ത് റോയ്, മണ്ഡലം പ്രസിഡന്‍റ് അനു എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. നാഗർകോവിലിൽ സി പി എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി പാലക്കാട് തൃത്താലയിൽ കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ എംഎൽഎ വിടി ബൽറാം രംഗത്തെത്തിയിരുന്നു. എകെജി നടത്തിയ പോരാട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെ ബൽറാം വിമർശിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം മുൻ കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ നടത്തിയ ആദ്യത്തെ നിയമപോരാട്ടം കരുതൽ തടങ്കലിനെതിരെയാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.