7.5 മണിക്കൂർ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്; മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ശേഷം ജാമ്യത്തിൽ വിടും
മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറസ്റ്റിൽ. കോടതി നിർദേശമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടും. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെ ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.മോൻസൻ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ.
കേസിൽ അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷണത്തോടു പൂർണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്നാം പ്രതിയും ഐജിയുമായ ജി.ലക്ഷ്മണും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും എന്നു ചോദ്യം ചെയ്യണമെന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല.