സംഘപരിവാര്‍ കെണിയില്‍ വീഴരുത്; കേരള സ്റ്റോറി സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും അവസാനിപ്പിക്കണം:പ്രതിപക്ഷ നേതാവ്

എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം സി.എ.എ കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറാകണം; ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്താത്ത കാപട്യത്തിന്റെ പേരാണ് പിണറായി വിജയന്‍; എ.കെ ആന്റണിക്ക് നേരെ ചെളിവാരി എറിയാമെന്ന് ആരും കരുതേണ്ട
 
 
V D

'കേരള സ്റ്റോറി' സംബന്ധിച്ച ചര്‍ച്ചകളും വിവാദവും പൂര്‍ണമായും അവസാനിപ്പിക്കണം. വിവിധ മത സമൂഹങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വമായി ഇട്ടിരിക്കുന്ന ചൂണ്ടിയാണിത്. ആ ചൂണ്ടയില്‍ കൊത്തരുത്. ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്നിന് വേണ്ട സംഘപരിവാര്‍ ഒരുക്കിവച്ചിരിക്കുന്ന കെണിയില്‍ വീഴാതിരിക്കാന്‍ മതേതര കേരളം ഒറ്റക്കെട്ടയി നില്‍ക്കണം. വിദ്വേഷവും ഭിന്നതയും ഉണ്ടാക്കരുതെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. 

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ആരുടെയും അവകാശമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. അവകാശമല്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണോ? സൗകര്യമുള്ളപ്പോള്‍ പെന്‍ഷന്‍ തരുമെന്നാണ് പറയുന്നത്. എട്ട് മാസമായി 55 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കിട്ടാനുണ്ട്. 45 പേര്‍ക്കാണ് ക്ഷേമനിധി പെന്‍ഷനുകള്‍ കിട്ടാനുള്ളത്. ക്ഷേമ രാഷ്ട്രമായ സംസ്ഥാനത്ത് ഒരു കോടി ജനങ്ങള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കാനുള്ളത്. പെന്‍ഷന്‍ ഔദാര്യമാണെന്നും വേണമെങ്കില്‍ വാങ്ങിയാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. പ്രയാസപ്പെടുന്ന ജനങ്ങളെ ദ്രോഹിക്കുകയും പരിഹസിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 

കോണ്‍ഗ്രസ് പ്രകടനപത്രികയിലെ എട്ടാം പേജില്‍ മത, ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള പാര്‍ട്ടിയുടെ നിലാപാട് വ്യക്തമാക്കുന്ന ഭാഗത്ത് പൗരത്വ നിയമത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ വിരുദ്ധ നിയമങ്ങളൊക്കെ റദ്ദാക്കുമെന്ന് 22-ാം പേജിലും പറയുന്നുണ്ട്. പൗരത്വ നിയമം റദ്ദാക്കുമെന്ന് രാഹുല്‍ ഗാന്ധിയും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രശ്‌നം പൗരത്വ നിയമമൊന്നുമല്ല. ഒരു ആത്മാര്‍ത്ഥതയുമില്ല. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സി.എ.എ പ്രക്ഷോഭങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. 835 കേസുകളില്‍ എത്രയെണ്ണം പിന്‍വലിച്ചു. ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് കേസുകള്‍ പിന്‍വലിക്കാതിരിക്കുന്നത്.  

രാജ്യത്ത് ആകെ 19 സീറ്റില്‍ മാത്രം മത്സരിക്കുന്ന സി.പി.എമ്മാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. അധികാരത്തില്‍ യു.എ.പി.എ നിയമം പിന്‍വലിക്കുമെന്നാണ് പറയുന്നത്. കരിനിയമമെന്ന് പുറത്ത് പ്രസംഗിക്കുന്ന പിണറായി വിജയനല്ലേ 2016 മുതല്‍ 2021 വരെ 145 പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത്. ഇന്ത്യയില്‍ ആദ്യമായി യു.എ.പി.എ കേസെടുത്ത സംസ്ഥാനമാണ് കേരളം. റിയാസ് മൗലവിയെ കൊന്ന ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ നിയമത്തിന് എതിരാണെന്ന നിലപാടെടുത്ത ആളാണ് പിണറായി വിജയന്‍. ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ മാത്രമെ പിണറായിക്ക് മടിയുള്ളൂ. പുസ്തകം വായിച്ചതിന്റെ പേരില്‍ അലനെയും താഹയെയും ജയിലില്‍ ഇടാന്‍ പിണറായിക്ക് ഒരു മടിയുമില്ലായിരുന്നു. പിണറായി പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ്. കാപട്യത്തിന്റെ പേരാണ് പിണറായി വിജയന്‍. സര്‍ക്കാരിനെതിരായ ജനങ്ങളുടെ അമര്‍ഷവും നിരാശയും ചര്‍ച്ച ചെയ്യാതിരിക്കാനാണ് മുഖ്യമന്ത്രി പൗരത്വ നിമയമവുമായി രാവിലെ ഇറങ്ങുന്നത്. പൗരത്വ നിയമം എന്ന വിഷയത്തില്‍ മാത്രം തിരഞ്ഞെടുപ്പ് അജണ്ട ഒതുക്കാമെന്ന ധാരണ മുഖ്യമന്ത്രി കൈയ്യില്‍ വച്ചാല്‍ മതി. പിണറായിയുടെ സര്‍ക്കാരുണ്ടാക്കിയ ദ്രോഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനൊപ്പം കേന്ദ്രത്തില്‍ വര്‍ഗീയ ഫാഷിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരരുതെന്നതുമാണ് മതേതര കേരളത്തിന്റെ ദൃഢനിശ്ചയം. സി.പി.എം ബി.ജെ.പിയുമായി സന്ധി ചെയ്ത് മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസും യു.ഡി.എഫും അവരുമായി ഏറ്റുമുട്ടുന്നു. 

അനില്‍ ആന്റണിക്കെതിരെ എ.കെ ആന്റണിയുടെ ശരീരത്തിലും മനസിലും ചോരയിലും കോണ്‍ഗ്രസാണ്. അനാരോഗ്യം കാരണമാണ് അദ്ദേഹം കേരളം മുഴുവന്‍ പ്രചാരണം നടത്താത്തത്. ഏറ്റവും അന്തസുള്ള നിലപാടാണ് എ.കെ ആന്റണി സ്വീകരിച്ചത്. ആരെയെങ്കിലും ഇറക്കി വിട്ട് എ.കെ ആന്റണിയെ ആക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ അതൊക്കെ പരാജയപ്പെടും. അദ്ദേഹത്തിന് നേരെ ചെളിവാരി എറിയാമെന്ന് ആരും കരുതേണ്ട. ആക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ ആരാണെന്ന് ജനം തിരിച്ചറിയും.