ദുരിതാശ്വാസനിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി ഉണ്ടാക്കും -മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവാർന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്കൂളിലും അക്കാദമിക മികവ് ഉണ്ടാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.
ഡിജിറ്റൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും ലോകകേരളസഭാ പ്രതിനിധികളുമായും ഓൺലൈൻ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ കുട്ടിയുടെയും അധ്യാപകർ തന്നെ അവർക്ക് ക്ലാസ്സെടുക്കുന്ന രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസത്തെ മാറ്റും. കുട്ടികൾക്ക് അവരുടെ ആശയം പങ്കുവെക്കാനും ചോദ്യം ചോദിക്കാനുമുള്ള അവസരം ലഭ്യമാക്കും. ഇൻറർനെറ്റ് കണക്റ്റിവിറ്റി പ്രശ്നം പരിഹരിക്കാനാവുമെന്നാണ് സർവീസ് പ്രൊവൈഡർമാരുമായുള്ള ചർച്ചയിൽ നിന്ന് മനസ്സിലാക്കാനായത്.
കമ്പോളത്തിൽ ലഭ്യമാകുന്ന തുകയെക്കാൾ കുറഞ്ഞ നിരക്കിൽ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ നിർമ്മാതാക്കളുമായി ബന്ധപ്പെടും.
രണ്ടാം കോവിഡ് വ്യാപനം വേഗതയിൽ ഉണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കയിടത്തും പത്തിൽ താഴാതെ നിൽക്കുകയാണ്. ഇതിന്റെ തുടർച്ചയായി മൂന്നാം തരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് പെട്ടെന്ന് സ്കൂളിൽ പോകാൻ പറ്റാത്ത സ്ഥിതി ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമമായി തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന പ്രവാസി സംഘടനകളെ ഒറ്റ വേദിയിൽ അണിനിരത്തുമെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി. ഡോ. വി.പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, എം എ യൂസഫലി, പി എൻ സി മേനോൻ, ആർ പി മുരളി, പുത്തൂർ റഹ്മാൻ, പിഎം ജാബിർ, വിൽസൺ ജോർജ്ജ്, പി എൻ ബാബുരാജ്, എൻ. അജിത്ത് കുമാർ, പി.വി രാധാകൃഷ്ണപിള്ള, സോമൻ ബേബി, കുര്യൻ പ്രകാനം, സിബി ഗോപാലകൃഷ്ണൻ, ജോൺസൺ ഇ പി, ബിജു കല്ലുമല, കെ.ടി.എ. മുനീർ, അനിയൻ ജോർജ്, ഡോ. പി എ ഇബ്രാഹിം, സജിമോൻ ആൻറണി, ജോണി കുരുവിള, ഷെരീഫ് കാരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.