വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കും
 
School

നാളെ മുതൽ പ്രാബല്യത്തിൽ വരും.

സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. 

ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന്  സ്വീകരിച്ച എ.ബി.സി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും.

സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ  അനുമതി നൽകും. 

സംസ്‌ഥാനത്ത്  കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.  തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ  ശ്രദ്ധ നൽകാനും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സംസ്‌ഥാനത്ത് 83 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനേഷൻ നൽകി.  എന്നാൽ  കാസർഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകൾ സംസ്‌ഥാന ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്‌സിനേഷനിൽ സംസ്‌ഥാന ശരാശരി 66 ശതമാനമാണ്. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്‌സിനേഷൻ ശരാശരി സംസ്‌ഥാന ശരാശരിയേക്കാൾ  കുറവാണ്. 

കുട്ടികളുടെ വാക്‌സിനേഷൻ, രണ്ടാം ഡോസ് വാക്‌സിനേഷൻ എന്നിവ സംസ്‌ഥാന ശരാശരിയേക്കാൾ  കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തണം.