എം വി ഗോവിന്ദന്‍റെ ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടു നിന്ന് ഇ പി ജയരാജൻ

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇ.പി ജയരാജൻ എത്തിയില്ല. യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും ഇ.പി വിട്ടുനിന്നിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ഇ.പി ജാഥയിൽ പങ്കെടുക്കുമെന്ന് എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ജാഥ ഇ.പിയുടെ ജന്മനാട്ടിലൂടെ കടന്നുപോകുമ്പോഴും അദ്ദേഹം വിട്ടുനിൽക്കുന്നതിന് കൃത്യമായ വിശദീകരണം നൽകാൻ പാർട്ടിക്ക് കഴിയുന്നില്ല.
കോടിയേരിയുടെ മരണശേഷം എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതിൽ ഇ.പിക്ക് അതൃപ്തിയുണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. പാർട്ടി കേന്ദ്രത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ ഇടപെട്ടെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയാണെന്ന മട്ടിലാണ് ഇ.പി ജയരാജൻ അനൗദ്യോഗികമായി പ്രതികരിച്ചത്.
അതേസമയം, ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ഇന്ന് രാവിലെ 8.30 ന് കണ്ണൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ എം.വി ഗോവിന്ദൻ പൗരപ്രമുഖരുമായി സൗഹൃദ ചർച്ച നടത്തും. പതിവ് പത്രസമ്മേളനം പിന്നീട് നടത്തും. രാവിലെ 10ന് പിണറായി, 11ന് തലശ്ശേരി, ഉച്ചകഴിഞ്ഞ് മൂന്നിന് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.