സിനിമ താരം സുബി സുരേഷ് അന്തരിച്ചു

 
pppp

പ്രശസ്ത സിനിമ താരവും ടിവി താരവുമായി സുബി സുരേഷ് (41) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മിമിക്രി രംഗത്തിലൂടെയാണ് സുബി കലാരംഗത്തേക്ക് എത്തിയത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം ജനിച്ചു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ്.തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.

സ്‌കൂള്‍ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷന്‍ ചാനലുകളിലും സ്‌റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളില്‍ വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്‌റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍  അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ..  എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ -സുരേഷ്, അമ്മ- അംബിക, സഹോദരന്‍ -എബി സുരേഷ്.

സുബി സുരേഷിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
 
ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 

കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സുബി സുരേഷിന്റെ നിര്യാണത്തിൽ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു

അഭിനേത്രിയും അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. സുബി സുരേഷിന്റെ മരണവാർത്ത അപ്രതീക്ഷിതവും വേദനാജനകവുമാണ്. ഒട്ടേറെ സിനിമകളിലും വേദികളിലുമായി പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞ കലാകാരിയാണ് അകാലത്തിൽ വിടവാങ്ങിയത് എന്ന് മന്ത്രി പറഞ്ഞു. സിനിമയിലും ടി വി ഷോകളിലുമായി ഇനിയുമൊട്ടേറെ ദൂരം സഞ്ചരിക്കുവാൻ സർഗ്ഗശേഷിയുണ്ടായിരുന്ന പ്രതിഭയെ ആണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. സുബി സുരേഷിന്റെ സഹപ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.