സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ്കനത്ത മഴ
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ്കനത്ത മഴ തുടരുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാവിലെ പത്ത് മണിക്ക് പുറപ്പെടുവിച്ച മഴ അലർട്ടിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.
തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന ഭാഗങ്ങളിൽപലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിലെ ജലനിരപ്പ് അധികൃതർ പരിശോധിച്ചു വരികയാണ്.
ഇടുക്കി പുല്ലുപാറയ്ക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേ തുടർന്ന് കൊട്ടാരക്കര – ദിന്ധുക്കൾ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തെന്മല ആര്യങ്കാവ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ് . മണ്ണ് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
പത്തനംതിട്ട കളക്ടറേറ്റിൽ മഴ സാഹചര്യം വിലയിരുത്താൻ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ കളക്ടറും ജില്ലയിലെ മറ്റു എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. പൂഞ്ഞാർ, പാല മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന ഇടങ്ങളിലെ റോഡുകളിൽ വെള്ളം കയറി. മീനച്ചിലാറിൽ വെള്ളപ്പാച്ചിലണ്ടായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുകയാണ്.