ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയക്കാരെ ഉൾപ്പെടുത്തുന്നതിന് ഹൈക്കോടതി വിലക്ക്

 
High Court

 ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വേണ്ടെന്ന് ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലുള്ള കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

മലബാർ ദേവസ്വത്തിന് കീഴിലുള്ള കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവെങ്കിലും ഉത്തരവിന് ഭാവിയിൽ വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ.

കാളിക്കാവ് ക്ഷേത്ര ഭരണസമിതി അംഗങ്ങളായി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. സജീവ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികളെ ക്ഷേത്രങ്ങളുടെ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ രാഷ്ട്രീയ സംഘടനയല്ലെന്ന എതിർകക്ഷികളുടെ വാദവും കോടതി തള്ളി. പുക്കോട്ട് കാളിക്കാവിന്‍റെ പാരമ്പര്യേതര ട്രസ്റ്റിയെ നിയമിച്ചതിലും മലബാർ ദേവസ്വം ബോർഡിന്‍റെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി.