പരാതി അനന്തമായി വൈകിപ്പിച്ച നഗരസഭക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
തൊട്ടടുത്ത വസ്തുവിൽ നിന്നും മണ്ണിടിഞ്ഞ് ജീവനും സ്വത്തിനും അപകടമുണ്ടായതു കാരണം താമസം മാറി പോകേണ്ടിവന്ന വ്യക്തിയുടെ പരാതി സമയബന്ധിതമായി പരിഹരിക്കാതെ അനന്തമായി വൈകിപ്പിച്ച തിരുവനന്തപുരം നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പരാതി പരിഹരിക്കാൻ കാലതാമസമുണ്ടായതിന്റെ കാരണം ഉടൻ സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
പരാതിയിൽ ദുരന്ത നിവാരണ നിയമം അനുസരിച്ച് ജില്ലാ കളക്ടർ സ്വീകരിച്ച നടപടികൾ ജൂലൈ 27 നകം അറിയിക്കണമെന്ന് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി.
വട്ടിയൂർക്കാവ് വയലിക്കട സ്വദേശി സി. കൃഷ്ണൻകുട്ടിയുടെ പരാതിയിലാണ് നടപടി. 2019 ഏപ്രിൽ 26 ന് ഇതേ വിഷയത്തിൽ കമ്മീഷൻ ഒരു ഉത്തരവ് പാസാക്കിയിരുന്നു. എന്നാൽ ഉത്തരവ് നഗരസഭ നടപ്പാക്കിയില്ല. ഇതിനെതിരെ പരാതിക്കാരൻ വീണ്ടും കമ്മീഷനെ സമീപിച്ചു. കമ്മീഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്നും സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു.
നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ നഗരസഭാ എഞ്ചിനീയർ സ്ഥല പരിശോധന നടത്തിയപ്പോൾ എതിർക്ഷിയായ സേതുവിന്റെ വസ്തുവിൽ നിന്നും മണ്ണിടിഞ്ഞ് വീണ് പരാതിക്കാരന്റെ വസ്തു അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി പറയുന്നു. മണ്ണ് നീക്കം ചെയ്യാനും അതിർത്തി ബലപ്പെടുത്താനും നഗരസഭ എതിർകക്ഷിക്ക് 2018 ജൂൺ 18 ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നഗരസഭയുടെ നോട്ടീസ് എതിർകക്ഷി അനുസരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് എതിർകക്ഷിക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് കത്ത് നൽകിയതായും നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഒരു ഫലവുമുണ്ടാകാത്തതിനാൽ പരാതിക്കാരൻ രോഗിയായ ഭാര്യക്കൊപ്പം വീട് മാറിപ്പോയി.
ജില്ലാ കളക്ടർക്ക് കത്ത് അയച്ചതെന്നാണെന്നോ സ്വീകരിച്ച തുടർ നടപടി എന്താണെന്നോ നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിലില്ലെന്ന് കമ്മീഷൻ പറഞ്ഞു. ഇത്തരം പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കേണ്ടതായിരുന്നു. നടപടിയിൽ നഗരസഭ കാലതാമസം വരുത്തിയത് എതിർക്ഷിയെ സഹായിക്കാനാണെന്ന് പരാതിക്കാരൻ സംശയിച്ചാൽ അതിൽ തെറ്റു പറയാനാവില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.