ജോർട്ടി എം ചാക്കോ കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റു.

 
kerala bank CEO

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ശ്രീ. ജോർട്ടി എം ചാക്കോ ചുമതലയേറ്റു.

നിലവിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്നാണ് നിയമനം. റിസർവ് ബാങ്കും ഈ നിയമനം നേരത്തെ അംഗീകരിച്ചിരുന്നു. ഐഡിബിഐ ബാങ്കിന്റെ റീട്ടെയിൽ ബാങ്കിംഗ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി 5 വർഷക്കാലം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ശ്രീ. ജോർട്ടി കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്.

നാലു പതിറ്റാണ്ടത്തെ ബാങ്കിംഗ് അനുഭവസമ്പത്തുള്ള ശ്രീ. ജോർട്ടി പഴയ തലമുറ പ്രൈവറ്റ് ബാങ്കായ ഫെഡറൽ ബാങ്ക്, പുതിയ തലമുറ പ്രൈവറ്റ് ബാങ്ക്, ദേശസാൽകൃത ബാങ്ക് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 ഐഡിബിഐയും ഐഡിബിഐ ബാങ്ക് ലിമിറ്റഡ് ആയുള്ള ലയനത്തിന്റെയും, 2007ലെ ഐഡിബിഐ ബാങ്കുമായി യുണൈറ്റഡ് വെസ്റ്റേൺ ബാങ്ക് (യു.ഡബ്ല്യു.ബി)-യുടെ ലയനത്തിന്റെയും അനുഭവസമ്പത്ത് കൈമുതലായുണ്ട്. കേരളത്തിലെ ബാങ്കിംഗ് രംഗത്ത് 10 വർഷത്തെ സേവനത്തിന്റെ കരുത്തിലാണ് ഇപ്പോൾ കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്.

റീറ്റെയിൽ ബാങ്കിംഗ്, ട്രഷറി റിസ്ക് മാനേജ്മെന്റ്, എൻആർഇ ബിസിനസ് തുടങ്ങിയ വിവിധ പോർട്ട്ഫോളിയോകളിൽ സേവനമനുഷ്ഠിച്ച ശ്രീ. ജോർട്ടി അതാത് പോർട്ട്ഫോളിയോകളിൽ വളർച്ചയ്ക്ക് ഉതകുന്ന വിവിധ പരിഷ്കരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നഷ്ടത്തിലായ ഐഡിബിഐ ബാങ്കിനെ ലാഭത്തിലാക്കിയതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ശ്രീ. ജോർട്ടി.

സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്ക് ആയി മാറാൻ ശ്രമിക്കുന്ന സഹകരണ മേഖലയിലെ ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കായ കേരള ബാങ്കിന് ശ്രീ. ജോർട്ടിയുടെ നേതൃത്വം ഒരു മുതൽക്കൂട്ടാകുമെന്നത് തീർച്ചയാണ്.