സന്നദ്ധ സേവനത്തിന്റെ 50 നാളുകൾ പിന്നിട്ട് നെയ്യാറ്റിൻകരയിലെ കോവിഡ് ബ്രിഗേഡ്

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായി രൂപീകരിച്ച കൊവിഡ് ബ്രിഗേഡ് സന്നദ്ധ സേന അൻപത് ദിവസം പൂർത്തിയാക്കുന്നു. കെ. ആൻസലൻ എം.എൽ.എയുടെ നേതൃത്വത്തിലാണു സന്നദ്ധ സേന രൂപീകരിച്ചത്. കോവിഡ് ബ്രിഗേഡ് അടക്കമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതായി ഇതുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താ സമ്മേളനത്തിൽ കെ. ആൻസലൻ എം.എൽ.എ. പറഞ്ഞു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ മേയ് മധ്യത്തോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂന്ന് വാർഡുകളിലായി 90 കിടക്കകളും
 
സന്നദ്ധ സേവനത്തിന്റെ 50 നാളുകൾ പിന്നിട്ട് നെയ്യാറ്റിൻകരയിലെ കോവിഡ് ബ്രിഗേഡ്

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായി രൂപീകരിച്ച കൊവിഡ് ബ്രിഗേഡ് സന്നദ്ധ സേന അൻപത് ദിവസം പൂർത്തിയാക്കുന്നു. കെ. ആൻസലൻ എം.എൽ.എയുടെ നേതൃത്വത്തിലാണു സന്നദ്ധ സേന രൂപീകരിച്ചത്.

കോവിഡ് ബ്രിഗേഡ് അടക്കമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതായി ഇതുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താ സമ്മേളനത്തിൽ കെ. ആൻസലൻ എം.എൽ.എ. പറഞ്ഞു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ മേയ് മധ്യത്തോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂന്ന് വാർഡുകളിലായി 90 കിടക്കകളും ഒമ്പത് ഐസിയു വാർഡുകളും ഉൾപ്പെടെ കോവിഡ് ചികിത്സയ്ക്കു വിപുലമായ സൗകര്യം ഒരുക്കിയിരുന്നു. കോവിഡ് പ്രതിരോധത്തിൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാനായാണ് സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചത്.

മെയ് 17 മുതൽ സന്നദ്ധ സേന പ്രവർത്തനം ആരംഭിച്ചു. രാവിലെ 8 മുതൽ 2 മണി വരെയും 2 മണി മുതൽ വൈകുന്നേരം 8 മണി വരെയും 2 ഷിഫ്റ്റ് ആയാണ് സന്നദ്ധ സേനാംഗങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ ഷിഫ്റ്റിലും വാർഡിൽ 2 പേരും ഐസിയു വിൽ ഒരാളും വാർഡിന് പുറത്ത് സാധനങ്ങൾ വാങ്ങിച്ചു കൊടുക്കാനായി ഒരാളും കൊവിഡ് ഒപി യിൽ ഒരാളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരാളും എന്ന നിലയിൽ 6 പേർ വീതം പ്രവർത്തിക്കുന്നു.

രോഗത്തിന്റെ പ്രത്യേകത കാരണം കൂട്ടിരുപ്പുകാർ അനുവദനീയമല്ലാത്തതിനാൽ കൂട്ടിരുപ്പുകാർ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഈ സന്നദ്ധ സേനയാണ് ഏറ്റെടുത്തു നടത്തിയത്. കൃത്യമായി ഭക്ഷണവും കുടിവെള്ളവുമെത്തിക്കുക, ചികിത്സാ കാര്യങ്ങളിൽ സഹായിക്കുക തുടങ്ങിയ ജോലികളാണ് ഈ സന്നദ്ധ പ്രവർത്തകർ ചെയ്യുന്നത്. കൊവിഡ് രൂക്ഷമായ നാളുകളിൽ ഓക്‌സിജൻ സിലിണ്ടറുകൾ വാർഡുകളിൽ എത്തിക്കുന്നതിനും വണ്ടികളിൽ ലോഡ് അൺലോഡ് ചെയ്യുന്നതിനും സന്നദ്ധ പ്രവർത്തകർ സജീവമായി പങ്കെടുത്തു

സന്നദ്ധ സേന ഇതിനോടകം 525 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. യാതൊരു പ്രതിഫലവും സ്വീകരിക്കാതെയാണ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. രോഗികളുടെ രോഗ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്നതിനും മറ്റ് സഹായങ്ങൾ നൽകുന്നതിനായി ഒരു ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്. കോവിഡ് രോഗികൾക്ക് യാത്ര സൗകര്യമൊരുക്കാനായി ദിവസവും രണ്ടു വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. അർഹരായവർക്ക് സൗജന്യമായാണ് യാത്ര സൗകര്യം നൽകുന്നത്. ഇതിനോടകം 117 സൗജന്യ യാത്രകൾ നടത്തി കഴിഞ്ഞതായും എം.എൽ.എ. പറഞ്ഞു.