ലോകായുക്ത ഓര്‍ഡിനന്‍സ്: സി.പി.ഐയെ അനുനയിപ്പിക്കാന്‍ സി.പി.എം ശ്രമം
ഇടതുമുന്നണിയില്‍ പോര് മുറുകുമ്പോള്‍ അനുനയത്തിനായി സി.പി.എം ശ്രമം.
Updated: Jan 31, 2022, 07:16 IST

ലോകായുക്ത
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഇടതുമുന്നണിയില്‍ പോര് മുറുകുമ്പോള്‍ അനുനയത്തിനായി സി.പി.എം ശ്രമം. സര്‍ക്കാരിന് മുന്നണിക്കകത്തെ പ്രധാന ഘടകക്ഷിയായ സി.പി.ഐയുമായി ഒരു തുറന്ന പോരിന് പോേകണ്ടെന്നാണ് സി.പി.എം തീരുമാനം. മന്ത്രിസഭയിലോ, സി.പി.എം സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലോ മതിയായ രാഷ്ട്രീയ കൂടിയാലോചനയില്ലാതെ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ സി.പി.ഐ നേതാക്കള്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന നിലപാട് എടുത്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. മുന്നണി മര്യാദയ്ക്ക് നിരക്കാത്ത പ്രതികരണമാണ് ഈ വിഷയത്തില്‍ സി.പി.ഐയില്‍ നിന്നും ഉണ്ടായതെന്ന വികാരം സിപിഎമ്മിനുണ്ട്. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനയെ മറികടുമെന്ന എജിയുടെ നിയമോപദേശം കൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്നാണ് സി.പി.എം നല്‍കുന്ന വിശദീകരണം. എന്നാല്‍ എന്താണ് ഭേദഗതി വരുത്തിയത് എന്നതിനെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്നാണ് സി.പി.ഐ മന്ത്രിമാര്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ വിശദീകരണം. മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സ് രണ്ടുതവണ കൊണ്ടുവന്നു. രണ്ടാമത്തെ തവണയാണ് അനുമതി നല്‍കിയത്. സി.പി.ഐയുടെ നാല് മന്ത്രിമാര്‍ എന്ത് ചെയ്യുകയായിരുന്നു എന്നാണ് സി.പി.എം ചോദിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ അത് പരിഹരിക്കേണ്ടത് സി.പി.ഐ നേതൃത്വമാണെന്നും സിപിഎമ്മിന് അഭിപ്രായമുണ്ട്. അതുപോലെ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സി.പി.ഐയുടെ അഭിപ്രായത്തിനെതിരെ എല്ലാ വിഷയവും മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയെന്നിരിക്കില്ലെന്നും മുന്നണിയില്‍ വിവിധ കക്ഷികളുമുള്ളതിനാല്‍ വ്യത്യസ്ത നിലപാട് ഉണ്ടാകുമ്പോള്‍ അറിയിക്കാവുന്നതാണെന്നുമാണ് സി.പി.എം പറയുന്നത്. സര്‍ക്കാരിനെ വെട്ടിലാക്കുന്ന നിലപാടുമായി സി.പി.ഐ മുന്നോട്ട് പോയാല്‍ മറുപടി നല്‍കാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. തിരക്കിട്ട് എന്തിനാണ് ഓര്‍ഡിനസ് ഇറക്കുന്നത് എന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി സിപിഎമ്മില്‍ നിന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ അടിയന്തരമായി മുന്നണി യോഗം വിളിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.അതിനിടയില്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ് സംബന്ധിച്ചു മുന്നണിയിലെ രണ്ടു പ്രധാന പാര്‍ട്ടികളുടെ അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. നിയമഭേദഗതിയില്‍ മുന്നണിയില്‍ ഭിന്നതയുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് സി.പി.എം സി.പി.ഐ ചര്‍ച്ച.