എം ശിവശങ്കര്‍ അറസ്റ്റില്‍
ലൈഫ് മിഷൻ കോഴക്കേസില്‍ തെളിവ് ലഭിച്ചെന്ന് ഇഡി
ലൈഫ് മിഷന്‍ കോഴ ഇടപാടിലെ ആദ്യത്തെ അറസ്റ്റാണ് ഇത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ശിവശങ്കറിനെ നാളെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ഇഡിയുടെ ചോദ്യം ചെയ്യലിനോട് കാര്യമായി ശിവശങ്കര്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കോാഴ കേസ് കെട്ടി ചമച്ച കഥയാണെന്നായിരുന്നു ശിവശങ്കര്‍ പ്രതികരിച്ചിരുന്നത്.
എന്നാൽ, തങ്ങളുടെ പക്കൽ ആവശ്യമായ തെളിവുണ്ടെന്ന നിലപാടിലാണ് അറസ്റ്റിലേക്ക് ഇ.ഡി കടന്നത്. യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലാണ് ശിവശങ്കറിനെ വിളിച്ചുവരുത്തി നടത്തിയത്. ചോദ്യം ചെയ്യലിൽ കോഴ ഇടപാട് നടന്നെന്ന നിലയിലാണ് സ്വപ്ന സുരേഷ് മൊഴി നൽകിയതെന്ന് വിവരമുണ്ട്. സന്തോഷ് ഈപ്പന് ലൈഫ് മിഷന്‍റെ കരാർ നൽകുന്നതിന് നിയമവിരുദ്ധമായി ഇടപെട്ടെന്നതാണ് ശിവശങ്കറിനെതിരായ ഇ.ഡിയുടെ കണ്ടെത്തൽ.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും ഒരു കോടി രൂപയോളം വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ നിഗമനം. എന്നാല്‍ അതിനെ കുറിച്ച് അറിയില്ലാ എന്നായിരുന്നു ശിവശങ്കറിന്റെ മൊഴി.