മോദി ഭരണം സർവ മേഖലയിലും വിനാശം വിതയ്ക്കുന്നു: മുഹമ്മദ് ഷെഫി
മോദി ഭരണം രാജ്യത്തിൻ്റെ സർവ മേഖലയിലും വിനാശം വിതയ്ക്കുകയാണെന്ന് എസ് ഡിപിഐ ദേശീയ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷെഫി.രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിച്ച ജനമുന്നേറ്റ യാത്രയ്ക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിക്കുകയാണ്. പൗരഭൂരിപക്ഷവും ഇന്ന് ഭയചകിതരാണ്. അധികാര തുടർച്ച ലക്ഷ്യമിട്ട് വർഗീയതയും വിദ്വേഷവും വെറുപ്പും വിതയ്ക്കുകയാണ് ബിജെപി. രാഷ്ട്രത്തിനു മേൽ മതം സ്ഥാപിക്കാനും ജനാധിപത്യം അട്ടിമറിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്.അധികാര ദുർവിനിയോഗം വ്യാപകമായിരിക്കുന്നു. ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയ ജഡ്ജിയെ ആഴ്ചകൾക്കുള്ളിൽ ലോക്പാൽ ആയി നിയമിച്ചിരിക്കുന്നു.ബാബരി വിധി പറഞ്ഞവർ പാർലമെന്റിൽ ഇരിക്കുന്നു.
മറ്റൊരു ഭാഗത്തു അന്വേഷണ ഏജൻസികളെ സ്വന്തം താല്പര്യ സംരക്ഷണത്തിനുള്ള ചട്ടുകമായി ഉപയോഗിക്കുന്നു. സംഘ പരിവാര അക്രമികളും കൊടുംകുറ്റവാളികളും സ്വൈര്യ വിഹാരം നടത്തുമ്പോൾ നിരപരാധികൾ വർഷങ്ങളായി ജയിലിൽ കഴിയുന്നു. മറ്റൊരു ഭാഗത്തു പ്രതിപക്ഷം പൂർണമായും നിശബ്ദരാകുന്ന കാഴ്ചയാണ് രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തെ വീണ്ടെടുക്കാൻ ജനാധിപത്യ പോരാട്ടത്തിന് പൗരസമൂഹം തയ്യാറാവണം.
ഭരണ ഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ജനകീയ സമരത്തിലൂടെ ജനങ്ങളെ പ്രാപ്തരാക്കുകയാണ് പാർട്ടി.ഭരണകൂടത്തിന്റെ ലാത്തികൾക്കോ തോക്കുകൾക്കോ ഈ ജനാധിപത്യ പോരാട്ടത്തെ പിടിച്ചു കെട്ടാൻ കഴിയില്ലെന്നും
അവസാന ശ്വാസം വരെയും ജനതയുടെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനന്തപുരിയെ അലകടലാക്കി ജനമുന്നേറ്റയ്ക്ക് ഉജ്ജ്വല സമാപനം. സംസ്ഥാനത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര മലബാറിലും മധ്യകേരളത്തിലും തിരുവിതാംകൂറിലും ജനകീയ മുന്നേറ്റത്തിന്റെ നവ രാഷ്ട്രീയം പങ്കുവെച്ച് ജനാധിപത്യത്തിന്റെ പുതിയ രാഷ്ട്രീയ സമവാക്യം സൃഷ്ടിക്കുന്നതിനുള്ള ദിശാബോധം നല്‍കിയാണ് കടന്നുവന്നത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വെമ്പായത്തുനിന്നു നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ ഗാന്ധി പാര്‍ക്കിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി കന്യാകുളങ്ങര, പോത്തന്‍കോട്, കഴക്കൂട്ടം, ടെക്‌നോ പാര്‍ക്ക്, ലുലു മാള്‍, ചാക്ക, ഇഞ്ചക്കല്‍, വള്ളക്കടവ്, ബീമാപള്ളി, പൂന്തുറ, കമലേശ്വരം, അട്ടക്കുളങ്ങര, ഓവര്‍ ബ്രിഡ്ജ് വഴി സെക്രട്ടറിയേറ്റിനു മുമ്പിലെത്തി അവിടെ നിന്ന് ബഹുജന റാലിയായാണ് സ്വീകരണ സമ്മേളന വേദിയായ ഗാന്ധി പാര്‍ക്കിലേക്ക് ആനയിച്ചത്.
ഭരണഘടനാനുസൃത സാമൂഹിക നീതി അട്ടിമറിക്കുന്ന ഫാഷിസ്റ്റുകള്‍ക്കും ഇടതു-വലതു മുന്നണികള്‍ക്കുമെതിരേ ശക്തമായ പ്രതിഷേധങ്ങളാണ് യാത്രയിലുടനീളം ഉയര്‍ന്നത്. സാമൂഹിക നീതിയെ പരിഹസിച്ചുകൊണ്ട് സംസ്ഥാന മന്ത്രിസഭയില്‍ പോലും മുന്നാക്ക പ്രാതിനിധ്യം പകുതിയിലധികം അരക്കിട്ടുറപ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ പിന്നാക്ക വഞ്ചനയും സവര്‍ണ ദാസ്യവും ചോദ്യം ചെയ്താണ് യാത്ര സമാപിക്കുന്നത്.
കര്‍ഷകരും സ്ത്രീകളും യുവാക്കളും ദരിദ്രരും ഉള്‍പ്പെടെ മോദിയുടെ ഗ്യാരന്റി നല്‍കുന്ന നാലു വിഭാഗങ്ങളും മോദി ഭരണത്തില്‍ തുല്യതയില്ലാത്ത ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ ഭരണഘടയുടെ ഗ്യാരന്റിയാണ് പൗരസമൂഹത്തിനു വേണ്ടതെന്നാണ് യാത്ര നല്‍കുന്ന സന്ദേശം. യാത്രയ്ക്ക് അഭിവാദ്യവുമായെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും ബഹുസ്വരതയും മതനിരപേക്ഷതയും തിരിച്ചു പിടിക്കാനും സംരക്ഷിക്കാനുമുള്ള ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ടാണ് യാത്ര പ്രതീകാല്‍മകമായി സമാപിക്കുന്നത്.
തൊഴിലില്ലായ്മയും വിലക്കയറ്റവും കടക്കെണിയും ദുരിതങ്ങളും മാത്രം ജനങ്ങള്‍ക്കു സമ്മാനിച്ച ഫാഷിസ്റ്റ് വര്‍ഗീയ കോമരങ്ങള്‍ ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ് കുറുക്കുവഴികളിലൂടെ അധികാരത്തുടര്‍ച്ചയ്ക്കു ശ്രമിക്കുമ്പോള്‍ അതിനെതിരേ ശക്തമായ ജനരോഷം ഇളക്കിവിട്ടാണ് യാത്ര മുന്നേറിയത്. സംഘപരിവാര ഫാഷിസ്റ്റ് ദുര്‍ഭരണം രാജ്യത്തിന്റെ സകല നന്മകളും തകര്‍ത്തെറിഞ്ഞ് സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ഒരുമയിലും കഴിഞ്ഞ ജനതയെ പരസ്പരം ശത്രുക്കളും സംശയാലുക്കാളുമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ തിരുവനന്തപുരത്തിന്റെ ഭൂമികയില്‍ സംഘപരിവാരത്തിന് ഇടമില്ല എന്നാണ് ഐക്യദാര്‍ഢ്യവുമായെത്തിയ ജനസഞ്ചയം വിളിച്ചോതുന്നത്.
ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി, ജാഥാ വൈസ് ക്യാപ്ടന്‍മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്‌റഫ് പ്രാവച്ചമ്പലം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എല്‍ നസീമ, ജില്ലാ ട്രഷറര്‍ ശംസുദ്ദീന്‍ മണക്കാട്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സബീന ലുഖ്മാന്‍ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജ്മൽ ഇസ്‌മാഈൽ, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു. ജാഥാ ക്യാപ്ടന്‍, വൈസ് ക്യാപ്ടന്‍മാര്‍, ഉദ്ഘാടകന്‍, ജാഥാ അംഗങ്ങള്‍ എന്നിവരെ ജില്ലാ- മണ്ഡലം ഭാരവാഹികള്‍ ആദരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വെമ്പായത്തുനിന്നു നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ ഗാന്ധി പാര്‍ക്കിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി കന്യാകുളങ്ങര, പോത്തന്‍കോട്, കഴക്കൂട്ടം, ടെക്‌നോ പാര്‍ക്ക്, ലുലു മാള്‍, ചാക്ക, ഇഞ്ചക്കല്‍, വള്ളക്കടവ്, ബീമാപ്പള്ളി, പൂന്തുറ, കമലേശ്വരം, അട്ടക്കുളങ്ങര, ഓവര്‍ ബ്രിഡ്ജ് വഴി സെക്രട്ടറിയേറ്റിനു മുമ്പിലെത്തി അവിടെ നിന്ന് ബഹുജന റാലിയായാണ് സ്വീകരണ സമ്മേളന വേദിയായ ഗാന്ധി പാര്‍ക്കിലേക്ക് ആനയിച്ചത്.
ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തിയാണ് ഗാന്ധിപാര്‍ക്കില്‍ സമാപിച്ചത്.