പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍
പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന സ്‌കൂള്‍ മാനേജര്‍ നിലപാട് തിരുത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് വനിതാ കമ്മിഷന്‍ റീജിയണല്‍ ഓഫീസില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
നിയമപ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും പരിരക്ഷിക്കപ്പെടുന്നില്ല എന്ന സാഹചര്യത്തിലുള്ള പരാതികള്‍ കമ്മിഷനു മുന്‍പാകെ വരുന്നുണ്ട്. പ്രൊബേഷന്‍ പിരീഡിലുള്ള ഗര്‍ഭിണിയായ അധ്യാപികയെ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും സര്‍വീസില്‍ പ്രവേശിപ്പിക്കാത്തതു സംബന്ധിച്ച പരാതി സിറ്റിംഗില്‍ പരിഗണനയ്ക്കു വന്നു. അധ്യാപികയ്ക്ക് അനുകൂല ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടും അതു പ്രാവര്‍ത്തികമാക്കാതെ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സമീപനം തിരുത്തപ്പെടേണ്ടതുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
സിറ്റിംഗില്‍ രണ്ടു പരാതികള്‍ തീര്‍പ്പാക്കി. രണ്ണെണ്ണം റിപ്പോര്‍ട്ടിന് അയച്ചു. ആകെ 16 പരാതികളാണ് പരിഗണിച്ചത്.
വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.