ജാഥ ബഹിഷ്‌കരിക്കുമെന്ന വാര്‍ത്തക്ക് വലിയ ആയുസ്സില്ല: ഇ പി ജയരാജന്‍

നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്ത്. വ്യക്തിഹത്യ നടത്താനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുമുള്ള ആസൂത്രിത പ്രചാരണത്തിന്‍റെ ഭാഗമായാണ് ഇത് വിവാദമാക്കിയത്. കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെ കാണാൻ പോയതായിരുന്നു.
കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. അതിൽ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാൾ അണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞല്ല ആദരിച്ചത് എന്നും ഇ.പി വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജാഥ ബഹിഷ്‌കരിക്കുമെന്ന വാര്‍ത്തക്ക് വലിയ ആയുസ്സില്ലെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.'ജാഥയ്ക്ക് പോകാത്തത് മറ്റൊരു വിഷയം. സത്യം പുറത്ത് വരുമ്പോള്‍ എല്ലാവര്‍ക്കും ബോധ്യം വരും. പങ്കെടുക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പോലും ചിലപ്പോള്‍ അരമണിക്കൂറിന്റെ ആയുസ് മാത്രമേ ഉണ്ടാവുകയുള്ളൂ.' ഇ പി ജയരാജന്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇ പിയുടെ പ്രതികരണം.
കൊച്ചിയിലെത്തിയ താന്‍ മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ ക്ഷണം സ്വീകരിച്ച് ക്ഷേത്ര ചടങ്ങിന് പോയതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അവിടെയെത്തിയപ്പോള്‍ ഒരു അമ്മയെ ആദരിക്കണമെന്ന് ആവശ്യപ്പെട്ടു. അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.താന്‍ കൊച്ചിയിലുള്ളപ്പോള്‍ കോണ്‍ഗ്രസിന്റെ എറണാകുളം ജനറല്‍ സെക്രട്ടറിയായിരുന്ന എംബി മുരളീധരന്‍ വിളിച്ചിരുന്നു. അദ്ദേഹം ഭാരവാഹിയായിട്ടുള്ള വൈറ്റില വെണ്ണലയിലെ ക്ഷേത്രത്തില്‍ വരാന്‍ കഴിയുമോയെന്ന് ചോദിച്ചു. അവിടെയെത്തിയപ്പോള്‍ കെവി തോമസും ഉണ്ടായിരുന്നു. ക്ഷേത്രത്തിലേക്ക് കയറാതെ ഒരു ഭാഗത്തേക്ക് ഞങ്ങള്‍ ഇരുന്നു. അങ്ങനെയാണ് ക്ഷേത്രത്തിലെ മുതിര്‍ന്ന ഒരാളെ ആദരിക്കണമെന്ന് ആവശ്യപ്പെടുന്നത്. അതിലും വിരോധമില്ലെന്ന് പറഞ്ഞു. അങ്ങനെ അവര്‍ പറഞ്ഞത് പ്രകാരം ഒരു അമ്മയെ ആദരിച്ചു. അതേ സ്ഥലത്ത് നന്ദകുമാറും ഉണ്ടായിരുന്നു. ശേഷം അവിടെ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് ഇ പി ജയരാജന്‍ വിശദീകരിച്ചു.
ഈ സംഭവത്തെയാണ് തെറ്റായി വ്യാഖ്യാനിച്ചത്. മാധ്യമ നടപടി അപലപനീയവും മനുഷ്യത്വരഹിതവുമാണ്. തന്നെ വിശ്വസിച്ച് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് വന്നയാളാണ് മുരളീധരന്‍. പിടി തോമസിന്റേയും കോണ്‍ഗ്രസിന്റേയും വിശ്വസ്തനായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. അതേസമയം ജയരാജനെ താന്‍ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കൊച്ചിയില്‍ മറ്റൊരു പരിപാടിക്കെത്തിയപ്പോഴാണ് അദ്ദേഹം ക്ഷേത്രത്തില്‍ വന്നതെന്നും നന്ദകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
'ഇപി ജയരാജനെ അമ്പലത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. അമ്മയെ ആദരിക്കുന്ന ചടങ്ങ് നേരത്തെ കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയെയും ഇപി ജയരാജനെയും ഈ പരിപാടിക്ക് ക്ഷണിച്ചിരുന്നു. അന്ന് ഇരുവര്‍ക്കും എത്താന്‍ സാധിച്ചില്ല. കൊച്ചിയില്‍ മറ്റൊരു പരിപാടിക്ക് എത്തിയപ്പോഴാണ് ഇപി ക്ഷേത്രത്തില്‍ വന്നത്. അദ്ദേഹം വന്നത് ഭക്ഷണം കഴിക്കാന്‍ ആണ്', നന്ദകുമാര്‍ പ്രതികരിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ ഇ പി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. യാത്ര ആരംഭിച്ചതിന് തലേദിവസമായിരുന്നു ഇപി കൊച്ചിയില്‍ എത്തിയത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായല്ല കൊച്ചിയില്‍ പോയതെന്ന് ഇ പി ജയരാജനും പ്രതികരിച്ചു.