ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പണമില്ല; ധനവകുപ്പിന് കത്തയച്ച് ചിന്ത ജെറോം

 
chintha

സംസ്ഥാന യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്നറിയിച്ച് ധനവകുപ്പിന് കത്തയച്ച് ചിന്ത ജെറോം. 26 ലക്ഷം രൂപയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ചു. ചിന്തയുടെ ശമ്പളക്കുടിശ്ശിക ഉൾപ്പെടെയുള്ള പണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ 76.06 ലക്ഷം രൂപയാണ് യുവജന കമ്മിഷന് അനുവദിച്ചത്. ഇത് തികയാഞ്ഞതോടെ ഡിസംബറിൽ വീണ്ടും 9 ലക്ഷം രൂപ അനുവദിച്ചു. ഇതുകൂടാതെയാണ് 18 ലക്ഷം രൂപ വീണ്ടും അനുവദിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ദൈനംദിന ചെലവുകൾക്ക് പോലും പണമില്ല. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ട്രഷറി വഴി മാറ്റുന്നതിന് ധനവകുപ്പിന്‍റെ അനുമതി തേടണമെന്ന് സർക്കുലറും ഇറക്കി. ഈ ഘട്ടത്തിലാണ് പണമില്ലെന്ന പരാതി യുവജന കമ്മിഷൻ ഉയർത്തിയിരിക്കുന്നത്. 8.5 ലക്ഷം രൂപയാണ് ചിന്തയ്ക്ക് ഇനിയും ശമ്പള കുടിശ്ശികയായി ലഭിക്കാനുള്ളത്. ഇതുൾപ്പെടെയുള്ള 26 ലക്ഷം രൂപയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിൽ 18 ലക്ഷം രൂപ അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ യുവജന കമ്മീഷന്‍റെ പ്രവർത്തനത്തിനായി സർക്കാർ ഇതുവരെ 1.03 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്.