കേരളത്തെ മുന്നോട്ടു നയിക്കാൻ മോദിയുടെ ദീർഘ വീക്ഷണത്തിനു മാത്രമെ കഴിയൂ: രാജീവ് ചന്ദ്രശേഖർ
ബിജെപിയെ എതിർക്കുന്ന ഇൻഡി സഖ്യം ഡൽഹിയിൽ ഒരുമിച്ച് തോളോടു തോൾ ചേർന്നു പ്രവർത്തിക്കുകയാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കാട്ടക്കട ക്രിസ്റ്റ്യൻ കോളേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്ത് എന്ത് വികസനം നടന്നിട്ടുണ്ടെന്ന് ഇവിടത്തെ യുവാക്കളോടു ചോദിച്ചാലറിയാം. 15 വർഷമായി ഒരു വികസനവും തിരുവനന്തപുരത്ത് നടന്നിട്ടില്ല. യുവാക്കളുടെ ഒരു കാലഘട്ടത്തെയാണ് ഇരുമുന്നണികളും ചേർന്ന് തകർത്തതെന്ന് രാജീവ് പറഞ്ഞു.
"ഈ തെരഞ്ഞെടുപ്പ് മാറ്റത്തിൻ്റെ സമയമാകണം. ഇവിടെ മാറ്റം കൊണ്ടു വരേണ്ടത് നമ്മളോരോർത്തരുമാണ്. എന്തിനാണ് ജനം നേതാക്കന്മാരെയും സർക്കാരിനെയും തിരഞ്ഞെടുക്കുന്നത്? നാടിന്റെ നാളെയെ മുന്നിൽ കണ്ട് മുന്നോട്ടു കൊണ്ടു പോകാൻ കേന്ദ്രത്തിലും കേരളത്തിലും ഇരു സർക്കാരിനും ജനം സമയം കൊടുത്തു. 2004 മുതൽ 2014 വരെ ജനം കോൺഗ്രസിന് രാജ്യഭരണം നൽകി. 10 വർഷം യു.പി.എ സർക്കാർ എന്ത് ചെയ്തെന്ന് നാം കണ്ടു. അഴിമതിയിൽ മുങ്ങി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തു പിന്നോട്ടടിച്ചു. രാജ്യം ദാരിദ്രത്തിലേക്ക് കൂപ്പുകുത്തി. സിപിഎമ്മിന് കേരളം എട്ടു വർഷം കൊടുത്തു. എന്നാൽ ശമ്പളം കൊടുക്കാൻ കടം വാങ്ങുന്ന അവസ്ഥയിലേക്ക് സി.പി.എം എത്തിച്ചു. ഇരുവരും കേരളത്തിൽ ഭരണ പ്രതിപക്ഷമാണെങ്കിലും അങ്ങ് ഡൽഹിയിൽ ഒരു മേശക്കുചുറ്റുമിരുന്ന് ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്നവരാണ്."
"2014 മുതൽ നരേന്ദ്രമോദിക്ക് 10 വർഷം നൽകി. മോദി സർക്കാർ ലോകത്തിലെ സാമ്പത്തിക ശക്തിയിൽ അഞ്ചാം സ്ഥാനത്തെത്തിച്ചു. വാഗ്ദാനങ്ങൾ മാത്രം നൽകുന്ന രാഷ്ട്രീയ പാർട്ടികളാണ് കോൺഗ്രസ്, സിപിഎം സഖ്യം. അവർ രാജ്യത്തിനായി ഒന്നും ചെയ്യാൻ സമ്മതിക്കില്ല. തീരദേശത്തെ ജനം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് ഇരു പക്ഷവും ഇന്നേവരെ പരിഹാരം കാണുന്നില്ല. വിദ്യാർത്ഥികൾക്ക് തൊഴിലില്ല, കേരളത്തെ മുന്നോട്ടു കൊണ്ടു പോകാൻ മോദിയുടെ ദീർഘ വീക്ഷണത്തിന് മാത്രമെ കഴിയു. ഉറങ്ങുന്ന എം.പിയാണ് നമുക്കുള്ളത്. തീരദേശ മേഖലയിലെ അടിസ്ഥാനസൌകര്യങ്ങൾ, കുടിവെള്ളം, പിഎം ആവാസ് യോജന എന്നിവ നടക്കുമെന്ന് പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നുണ്ട്." അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തീരദേശ മേഖലയിൽ കാര്യമായി ഒരു വികസനവും നടന്നിട്ടില്ല. ടെക്നോളജി, ടൂറിസം രംഗങ്ങളിലും തിരുവനന്തപുരത്തെ മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.