കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന. മനസ്സാ വാചാ കര്‍മണാ അറിയാത്ത കേസ്
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ എങ്ങനെ പ്രതിയായെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
മോന്‍സന്റെ ഇടപാടുകളുമായി നേരിട്ടോ അല്ലാതെയൊ ബന്ധമൊന്നുമില്ലെന്ന് നേരത്തെ തന്നെ താന്‍ വ്യക്തമാക്കിയതാണ്. മനസ്സാ വാചാ കര്‍മണാ അറിയാത്ത കാര്യത്തില്‍ എങ്ങനെയാണ് പ്രതിയാക്കിയതെന്നും അതിന്റെ തെളിവുകള്‍ എന്തൊക്കെയെന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവസത്തിനകം അതിന്റെ വിവരങ്ങള്‍ കിട്ടുമെന്നാണ് കരുതുന്നത്. മോന്‍സന്‍ കേസിലെ പരാതിക്കാര്‍ നേരത്തെ കൊടുത്ത മൊഴിയില്‍ തന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. ഇവരുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പാര്‍ലമെന്റെ ധനകാര്യ സ്ഥിരം സമിതി അംഗം എന്ന നിലയില്‍ താന്‍ വാഗ്ദാനം കൊടുത്തെന്നാണ് പറയുന്നത്. അങ്ങനെയൊരു സമിതിയില്‍ താന്‍ അംഗമേ ആയിരുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസൊന്നും ഇല്ലായിരുന്നു. അതുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാതിരുന്നത്. ഒരുപാടു വിഐപികള്‍ പോവുന്ന ഒരു സ്ഥാപനത്തില്‍, ഡോക്ടര്‍ എന്ന് അറിയപ്പെട്ട ആളിന്റെ അടുത്ത് കണ്ണു ചികിത്സയ്ക്കായാണ് താന്‍ പോയത്. വ്യാജ ഡോക്ടറാണെന്ന് അന്ന് അറിയില്ലായിരുന്നു. കണ്ണിലെ കറുപ്പു നിറം ഒഴിവാക്കാനാണ് പോയത്. ചെറുതായി കുറഞ്ഞു എന്നല്ലാതെ അതു മാറിയില്ല. വ്യാജ ഡോക്ടര്‍ ആണെന്ന വിവരം പുറത്തായപ്പോള്‍ മോന്‍സന്‍ ക്ഷമ പറഞ്ഞതുകൊണ്ടു പിന്നെ കേസിനൊന്നും പോയില്ല.
നാളെ ക്രൈംബ്രാഞ്ചിനു മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാവില്ല. കോഴിക്കോട്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാംപ് ഉള്ളതിനാല്‍ സാവകാശം ആവശ്യപ്പെടും. സമയം ലഭിക്കുമെന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ നിയമപരമായി നേരിടും. ഹൈക്കോടതിയെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കും. ഈ കേസിൽ ബന്ധപ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും കേസെടുക്കണം. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പേരിൽ മാത്രം കേസെടുക്കുന്നത് ശരിയല്ല.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നതില്‍ ആര്‍ക്കാണ് തര്‍ക്കമെന്ന് സുധാകരന്‍ ചോദിച്ചു. കാലം കരുതിവെച്ചത് കാത്തിരിക്കുന്നുണ്ടെന്ന് പിണറായിയെ ഓര്‍മിപ്പിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. ഒരുപാടു കൊള്ളയടിച്ച കേസില്‍ ജയിലില്‍ കിടക്കേണ്ട മനുഷ്യനാണ് മുഖ്യമന്ത്രിയായി നടക്കുന്നത്. അധികാരമുപയോഗിച്ച് തടഞ്ഞുവച്ചിരിക്കുന്ന മുഴുവന്‍ കേസുകളും ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും.
കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും കേസില്‍ പെടുത്തി ഇരുത്തിക്കളയാം എന്നാണ് കരുതുന്നതെങ്കില്‍ പിണറായി വിജയന്‍ മൂഢസ്വര്‍ഗത്തിലാണ്. വനം വകുപ്പു മന്ത്രിയായിരുന്ന കാലത്ത് കോടികള്‍ ഉണ്ടാക്കാമായിരുന്ന സന്ദര്‍ഭം താന്‍ ഉപയോഗിച്ചിട്ടില്ല. അങ്ങനെയുള്ള താനാണ് മോന്‍സന്റെ പക്കല്‍നിന്ന് പത്തു ലക്ഷം വാങ്ങിയെന്നു പറയുന്നത്. മതികെട്ടാന്‍ മല കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ കോടികളുടെ ഓഫര്‍ ഉണ്ടായിരുന്നു. മരം മുറിക്കാന്‍ കോടികളുടെ ഓഫര്‍ ഉണ്ടായിരുന്നു. ഒരാളോടും താന്‍ കാശു വാങ്ങിയിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. കാശു വാങ്ങിയെന്ന് ആരെങ്കിലും തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കാന്‍ തയാറാണ്.
ഒരു തവണ മാത്രമാണ് ഈ പരാതിക്കാരെ മാവുങ്കലിന്റെ വീട്ടില്‍ കണ്ടിട്ടുള്ളത്. അവരെ പരിചയപ്പെട്ടിട്ടു പോലുമില്ല. ഇതുവരെ സംസാരിച്ചിട്ടില്ല. തനിക്കെതിരെ കേസ് നടത്താന്‍ ഇവരുടെ പിന്നില്‍ മറ്റൊരു ശക്തിയുണ്ടോയെന്നു സംശയിക്കുന്നതായും ഈ കള്ളക്കേസിന് പിന്നിൽ മറഞ്ഞിരിക്കുന്ന ശത്രു ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.