പ്രധാന റോഡിലെ വാഹനാപകടം : വാഹന നമ്പർ കിട്ടിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല - മനുഷ്യാവകാശ കമ്മീഷൻ

 
commis

പ്രാധാനപ്പെട്ട ഒരു റോഡിൽ ഒരാളുടെ ജീവൻ അപഹരിച്ച വാഹനാപകടത്തിന് കാരണമായ വാഹനത്തെയോ ഡ്രൈവറെയോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.  


     ഈ സാഹചര്യത്തിൽ പാലോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം 2107/21 നമ്പർ കേസിന്റെ അന്വേഷണം നെടുമങ്ങാട് ഡി.വൈ.എസ്.പി. യുടെ നേരിട്ടുള്ള മേ ൽനോട്ടത്തിൽ നടത്തണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.  


     ഉത്തരവിൻ മേൽ സ്വീകരിച്ച നടപടികൾ മാർച്ച് 13 നകം കമ്മീഷനെ അറിയിക്കണം.  2021 സെപ്റ്റംബർ 12 നാണ് പാലോട് ഇരുമ്പുപാലത്തിന് സമീപം നടന്നുപോവുകയായിരുന്ന ഇരുമ്പുപാലം സ്മിതാ വിഹാറിൽ ഓമന വാഹനമിടിച്ച് മരിച്ചത്.  


     നെടുമങ്ങാട് ഡി.വൈ. എസ്. പി. യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  മടത്തറ ഭാഗത്ത് നിന്ന് പാലോട് ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ചാണ് ഓമന മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.  അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പാലോട് ഭാഗത്തേക്ക് പോയി.  സമീപത്തെ സി.സി.റ്റി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല.  തുടർന്ന് സി.സി.റ്റി.വി. ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് ലാബിലേക്ക് അയച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല.  


     കൊല്ലം റൂറൽ പോലീസ് ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്ന സി.സി.റ്റി.വി. കളിൽ നിന്നും വാഹന നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ലെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ തേമ്പാമൂട് സഹദേവനും ഓമനയുടെ മക്കളും കമ്മീഷനെ അറിയിച്ചു.  കേസിൽ കാര്യക്ഷമവും നീതി പൂർവവുമായ അന്വേഷണം ഉണ്ടാകേണ്ടതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.