മരിച്ചയാൾക്കും ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം; അന്വേഷണം ആരംഭിച്ചു

 
C M

 മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചു. എറണാകുളം നോർത്ത് പറവൂർ സ്വദേശി പരേതനായ എം.പി. മുരളിയുടെ പേരിലാണ് 35,000 രൂപയ്ക്ക് ഉത്തരവായത്. മരിക്കുന്നതിന് മുമ്പാണ് അപേക്ഷ നൽകിയതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം വിശദീകരിച്ചത്. ദുരിതാശ്വാസ നിധി തട്ടിപ്പ് അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതിനെകുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വടക്കൻ പറവൂരിലുള്ള മുരളിയുടെ വീട്ടിൽ ഭാര്യയും മകളും മാത്രമാണ് ഇപ്പോൾ താമസിക്കുന്നത്. കയർ തൊഴിലാളിയായ മുരളി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബർ 29നാണ് മരിച്ചത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുരളിയുടെ പേരിൽ ചികിത്സാ സഹായമായി 35,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചിരുന്നു.

ഇതേത്തുടർന്ന് വിജിലൻസ് അന്വേഷണം നടത്തുകയും ചെയ്തു. ഡിസംബർ 29നാണ് മുരളി മരിച്ചതെങ്കിൽ തൊട്ടടുത്ത ദിവസം ഡിസംബർ 30നാണ് അക്ഷയ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായത്തിനായി അപേക്ഷിച്ചത്. അതായത്, അദ്ദേഹം മരിച്ച് ഒരു ദിവസം കഴിഞ്ഞ്. ഒടുവിൽ റവന്യൂ ഉദ്യോഗസ്ഥർ നൽകിയ ശുപാർശ പ്രകാരം മരിച്ച മുരളിക്ക് 35,000 രൂപ ധനസഹായം അനുവദിച്ച് ഉത്തരവിറക്കി.

എന്നാൽ മരിക്കുന്നതിന് മുമ്പാണ് അപേക്ഷ നൽകിയതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. മുരളിയുടെ മരണശേഷം അപേക്ഷ നല്കിയതാരെന്ന് കണ്ടെത്തണമെന്നാണ് വിജിലൻസ് പറയുന്നത്. മരിച്ചയാൾക്ക് പണം അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അഴിമതി നടന്നിട്ടുണ്ടോയെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്.