കേരളത്തിന്റെ പതിനാലാം പദ്ധതി സുസ്ഥിരവികസനത്തിന് ഊന്നല്‍ നല്‍കി ജനകീയമായി തയ്യാറാക്കണം

സുസ്ഥിര വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്നിര്ത്തി കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി ജനകീയമായി തയ്യാറാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 58-മത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഒമ്പതാം പദ്ധതിക്കാലത്ത് നടപ്പാക്കിയതുപോലെ വിപുലമായ മുന്നൊരുക്കങ്ങള് നടത്തുകയും വിദഗ്ദ്ധരുടേയും ബഹുജനങ്ങളുടേയും യുവജനങ്ങളുടേയും വിവിധ രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളുടേയും പങ്കാളിത്തം ഉറപ്പ്വരുത്തി ജനകീയ നിര്വ്വഹണം ഉറപ്പുവരുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
കാലാവസ്ഥാവ്യതിയാനം പാരിസ്ഥിതിക തകര്ച്ചയിലേക്കും, തുടര്ന്ന് ആവാസ വ്യവസ്ഥകളുടെ തകര്ച്ചയിലേക്കും അതു മൂലമുള്ള ജീവജാതികളുടെ നാശത്തിലേക്കും നയിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സാഹചര്യത്തില് ഇത്തരം ഒരു സാഹചര്യം, പുതിയ രോഗങ്ങളും ആവര്‍ത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളും മനുഷ്യസമൂഹത്തിനു മുന്നില്‍ പുത്തന്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
ആധുനിക ശാസ്ത്രം മാനവരാശിയുടെ മുന്നില്‍ വയ്ക്കുന്ന ശുഭപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നതിനും അതിന്റ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്നതിന് തടസ്സങ്ങളുണ്ടാകുന്നതിനും ഇത് കാരണമാകും. ഈ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം പ്രകൃതിയില്‍ മനുഷന്റെ തെറ്റായ ഇടപെടലുകളാണെന്ന് മുമ്പേ തന്നെ ബോധ്യമായതാണ്. അതിനാല്‍, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബണ്ഡങ്ങളില്‍ നടപ്പുരീതികള്‍ തുടര്‍ന്നാല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും പ്രതീക്ഷകള്‍ക്ക് കൂടുതല്‍ മങ്ങലേല്‍ക്കുകയും ചെയ്യും.
മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യന്യം പ്രകൃതിയും തമ്മിലുമുള്ള ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വേണം. ഇതിനു സഹായകമായ സ്ഥൂലതല തിരുത്തലുകളും സൂക്ഷ്മതല ഇടപെടലുകളും അനിവാര്യമാണ്. ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന സാധ്യതകള്‍ മാനവരാശിയുടെ പൊതുസ്വത്തായി മാറണം. പുതിയൊരു മാനവികതയും അതിനു സഹായകമായ സാമൂഹ്യബന്ധങ്ങളും സംജാതമാകണം. ഇന്നത്തെക്കാള്‍ നല്ല ഒരു നാളെയെ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കണം. ഈ സാഹചര്യം, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഒരു പൊളിച്ചെഴുത്ത് അനിവാര്യമാക്കിയിരിക്കയാണ്. ഉല്പാദന മേഖലകള്‍, സേവന മേഖലകള്‍, പശ്ചാത്തല സൗകര്യവികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം ഭാവനാപൂര്‍ണ്ണമായ മാറ്റങ്ങളുണ്ടാവണം.
ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ഭൂമിക വികസിക്കുന്ന തരത്തില്‍ ഇതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് നടക്കേണ്ടത്. അതിനു സഹായകമാംവിധം അധികാര വികേന്ദ്രീകരണ പ്രക്രിയ ഇനിയും ശക്തിപ്പെടുത്തണമെന്നും നീര്‍ത്തടാധിഷ്ഠിത വികസനം മാധ്യമമാക്കി പ്രകൃതിവിഭവങ്ങളെയും അധ്വാനശേഷിയെയും സ്ഥായിയായി വികസിപ്പിക്കാനും ഉപയോഗപ്പെടുത്താനും സാധിക്കണമെന്നും പ്രമേയം വിശദീകരിച്ചു.
ഭരണഘടനാമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ജനാധിപത്യവാദികള്‍ ഒരുമിച്ചണിനിരക്കുക, ആര്‍ത്തവത്തിനു നേര്‍ക്കുള്ള അശുദ്ധി കല്പിക്കല്‍ മനുഷ്യാവകാശ ലംഘനമായി പരിഗണിക്കുക, സിക്കിള്‍ സെല്‍ അനീമിയ-താലസീമിയ രോഗങ്ങല്‍ക്കുള്ള ഗവേഷണ- ചികിത്സാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടന്‍ ആരംഭിക്കുക, കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികള്‍ വരുത്തി വികേന്ദ്രീകൃതമായി നടപ്പാക്കുക, സമഗ്രമായ ഭാഷാസൂത്രണ നയത്തിന് രൂപം നല്‍കുക, വേമ്പനാട്ടുകായലിന് തനതായ ഭരണസംവിധാനമുണ്ടാകണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.പി.എസ്.എന്‍. ജനറല്‍ സെക്രട്ടറി പ്രൊഫ. രാജമാണിക്യം, ക്യാപ്‌സൂള്‍ കേരള ചെയര്‍മാന്‍ ഡോ. യു. നന്ദകുമാര്‍, ബിജിവിഎസ് ജനറല്‍ സെക്രട്ടറി ഡോ. കാശിനാഥ് ചാറ്റര്‍ജി, യുഎഇ ഫ്രന്റ്‌സ് ഓഫ് കേരള പ്രസിഡന്റ് ഡോ. സിനി അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി കെ. രാധന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും സന്തോഷ് ഏറത്ത് വരവ് ചെലവ് കണക്കും സംഘടനാ രേഖ പി.എസ്. രാജശേഖരനും അവതരിപ്പിച്ചു. ജില്ലകളെ പ്രതിനിധീകരിച്ച് 14 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും.