താത്കാലിക വിസി നിയമനം തളളി ഗവർണർ
സാബു തോമസ് മലയാളം സർവകലാശാല വിസി
മലയാളം സർവകലാശാലയുടെ വിസിയായി സാബു തോമസിന് ചുമതല. എംജി സർവകലാശാല വിസിയായ സാബു തോമസിന് അധിക ചുമതലയായാണ് മലയാളം സർവകലാശാല വിസി സ്ഥാനം നൽകിയത്. തിങ്കളാഴ്ച സാബു തോമസ് ചുമതലയേൽക്കും. താത്കാലിക വിസി നിയമനം തള്ളിക്കൊണ്ടാണ് ഗവർണറുടെ പുതിയ വി സി നിയമനം.
വിസിയായിരുന്ന ഡോ. അനിൽ വളളത്തോൾ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് സാബു തോമസിന് ചുമതല നൽകിയത്. നേരത്തെ മലയാളം സർവകലാശാല വിസി സ്ഥാനത്തേക്ക് കേരള സർവകലാശാലയിലെ മുൻ പ്രോ വിസി ഡോ. പി പി അജയകുമാർ, കാലടി സംസ്കൃത സർവകലാശാലയിലെ ഡോ. വത്സലൻ വാതുശ്ശേരി എന്നിവരുടെ പേരുകൾ ഉന്നത വിദ്യാഭ്യാസവകുപ്പ് ശുപാർശ ചെയ്തിരുന്നു. വിസി നിയമനത്തിന് കഴിഞ്ഞ ദിവസം സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളിയിരുന്നു.
മലയാളം സർവകലാശാലയിലേക്ക് അഞ്ചംഗ സെർച്ച് കമ്മിറ്റി സർക്കാർ ശുപാർശ ചെയ്തത് ഗവർണറുമായുളള ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. ഗവർണർ ഇതുവരെ ഒപ്പിടാത്ത് സർവകലാശാല ഭേദഗതി ബില്ലിലെ വ്യവസ്ഥയാണ് അഞ്ചംഗ സെർച്ച് കമ്മിറ്റി. ഏത് നിയമമനുസരിച്ച് ആണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്ന ഗവർണറുടെ ചോദ്യത്തിന് സർക്കാർ മറുപടി നൽകിയിട്ടില്ല.