ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കെഎസ്‌ഇബിയിലെ ബന്ധപ്പെട്ട ജീവനക്കാരെ ബഹു.വൈദ്യുതി വകുപ്പ് മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില് ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സര്ക്കാര് സ്ഥാപനങ്ങളെ, സേവനങ്ങള് അതിവേഗവും അനായാസവും ഉപയോക്താക്കള്ക്ക് ലഭ്യമാക്കിയ മികവിന്റെ അടിസ്ഥാനത്തില് കണ്ടെത്താന് കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല് ഡെവലപ്മെന്റ് കോര്പറേഷന് (കെഎസ്ഐഡിസി) നടത്തിയ സര്വേയില് കെഎസ്ഇബി ഒന്നാമതായി. 100ല് 85 മാര്ക്ക് കരസ്ഥമാക്കിയാണ് അഭിമാനാര്ഹമായ നേട്ടം. വിവിധ സര്ക്കാര് സ്ഥാപനങ്ങള് ജനങ്ങള്ക്ക് നല്കിയ സേവനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സര്വേയുടെ ഭാഗമായി കെഎസ്ഇബിയുടെ 3000 ഗുണഭോക്താക്കളെ ബന്ധപ്പെട്ട് വിവരങ്ങള് ആരാഞ്ഞാണ് പ്രകടനം വിലയിരുത്തിയത്.
ആധുനിക സാങ്കേതികവിദ്യയടക്കം ഉപയോഗപ്പെടുത്തി ഉപയോക്താക്കള്‍ക്ക് അനായാസം സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ്‌ഇബി നിരവധി നടപടി സ്വീകരിച്ചിരുന്നു. 1912ല്‍ വിളിച്ച് ആവശ്യം അറിയിച്ചാല്‍ നിറവേറ്റി നല്‍കുന്ന ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതി, സെക്ഷന്‍ ഓഫീസ് സന്ദര്‍ശനത്തിന് മുന്‍കൂട്ടി നേരം നിശ്ചയിക്കാന്‍ ഇ സമയം, ഉപയോക്താക്കള്‍ക്ക് സ്വയം മീറ്റര്‍ റീഡിങ്ങിന് അനുവദിക്കുന്ന സെല്‍ഫ് മീറ്റര്‍ റീഡിങ്, കണക്ഷന്‍ നടപടി ലഘൂകരിക്കല്‍ ഉള്‍പ്പെടെ നിരവധി മാതൃകാ നടപടിയാണ് സ്വീകരിച്ചത്.