പഴയ വിജയനെയും പുതിയ വിജയനെയും പ്രതിപക്ഷത്തിന് പേടിയില്ല;

ഷൗട്ടിംഗ് ബ്രിഗേഡുകളെ ഇറക്കി പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുന്ന നിങ്ങള്‍ക്ക് പ്രതിപക്ഷത്തെ ഭയമാണ്; ഒരാളും രണ്ടാളും മൂന്നാളുമാണ് കരിങ്കൊടി കാട്ടുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് പൊലീസിന് പിന്നില്‍ ഒളിക്കുന്നത്?
 
V D

ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും കേരളത്തിലുണ്ടാകും. ബജറ്റിലെ 4000 കോടിയുടെ നികുതി നിര്‍ദ്ദേശത്തിന് പിന്നാലെ വെള്ളക്കരത്തിന്റെ പേരിലുള്ള 500 കോടി ഉള്‍പ്പെടെ 4500 കോടിയുടെ ബാധ്യതയാണ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിച്ചത്. അനാസ്ഥയും കെടുകാര്യസ്ഥതയും കൊണ്ട് പതിനായിരക്കണക്കിന് കോടിയുടെ നികുതി പരിച്ചെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ആ ഭാരം സാധാരണക്കാരുടെ തലയില്‍ കെട്ടിവച്ചതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം സാമാധാനപരമായി സമരം ചെയ്തപ്പോള്‍ മുഖ്യമന്ത്രി അതിനെ പരിഹസിച്ചു. സത്യഗ്രഹ സമരത്തിലൂടെ വളര്‍ന്നു വന്ന ഗാന്ധിയന്‍ പൈതൃകമുള്ള പ്രസ്ഥാനമാണ് ഞങ്ങളുടേത്. അഭിമാനത്തോടെയാണ് ഞങ്ങള്‍ സത്യഗ്രഹ സമരം നടത്തിയത്. സത്യഗ്രഹ സമരം മാത്രമെ പ്രതിപക്ഷത്തിന് അറിയൂവെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ആത്മഹത്യാ സ്‌ക്വാഡുകളും ചാവേര്‍ സ്‌ക്വാഡുകളുമാണെന്നാണ്. മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി വീട്ടില്‍ ഇരിക്കണമെന്ന് പറഞ്ഞത്. എന്നാല്‍ ഞാന്‍ പഴയ വിജയനാണെങ്കില്‍ ഇതിന് മറുപടി പറഞ്ഞേനെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞങ്ങള്‍ക്ക് പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങള്‍ കഴിയുന്നത്.


കേന്ദ്ര സര്‍ക്കാര്‍ ഇന്ധന സെസ് കൂട്ടിയതിനെതിരെ യു.ഡി.എഫ് സമരം ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര നടപടിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ യു.ഡി.എഫ് ഘടകകക്ഷികളെല്ലാം സമരം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വാര്‍ത്തകള്‍ നല്‍കുന്നവര്‍ ഇതൊക്കെ മാറ്റിവച്ചിട്ടായിരിക്കും വായിക്കാന്‍ തരുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച് കോവിഡ് കാലത്ത് കേന്ദ്രത്തിനെതിരെ സമരം ചെയ്ത ഞങ്ങള്‍ക്കെതിരെ നൂറുകണക്കിന് കേസുകളാണ് നിങ്ങളുടെ പൊലീസ് ചുമത്തിയത്.

ഒരാള്‍, രണ്ടാള്‍, മൂന്നാള്‍ എന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ സമരം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് ഉറങ്ങിക്കിടന്നവരെ പോലും കരുതല്‍ തടങ്കലില്‍ അറസ്റ്റ് ചെയ്തത്? എന്തിനാണ് ഒരാളെയും രണ്ടാളെയും ഭയന്ന് 42 വാഹനങ്ങളുടെ അകമ്പടിയിലും ആയിരക്കണക്കിന് പൊലീസുകാരെ റോഡില്‍ അണിനിരത്തിയും മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്?  ഒന്നും രണ്ടും പേര്‍ കരിങ്കൊടി കാട്ടുന്നത് ഭയന്ന് മുഖ്യമന്ത്രി പൊലീസിന് പിന്നില്‍ ഒളിച്ചത്?  

കരുതല്‍ തടങ്കലിനെതിരെ നിങ്ങളുടെ നേതാവ് എ.കെ.ജി പറഞ്ഞിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായി ജനങ്ങളെ കരുതല്‍ തങ്കലില്‍ വയ്ക്കാന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല. ഒരാളും രണ്ടാളുമാണെങ്കില്‍ പിന്നെ എങ്ങനെയാണ് അഞ്ഞൂറോളം വരുന്ന പൊലീസ് സംഘത്തെ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചെന്നു പറഞ്ഞത്. മിവാ ജോളിയെന്ന പെണ്‍കുട്ടിയെ കളമശേരി സി.ഐ തലയ്ക്കടിക്കുകയും കോളറില്‍ പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്തു. അത് തെറ്റല്ലെന്നാണോ നിങ്ങള്‍ പറയുന്നത്. അതേ സി.ഐയാണ് ഷാഫി പറമ്പില്‍ എം.എല്‍.എയെയും കയ്യേറ്റം ചെയ്തത്. ഹരിപ്പാട് എസ്.എഫ്.ഐക്കാരിയായ പെണ്‍കുട്ടിയെ ഡി.വൈ.എഫ്.ഐക്കാരന്‍ ബൈക്കിലെത്തി ഇടിച്ചിടുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തതിനെ കോംപ്രമൈസ് ചെയ്ത നിങ്ങള്‍ക്ക് പെണ്‍കുട്ടികളെ ആക്രമിക്കുന്നത് നിസാരമാണ്. പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെയല്ല, ഞങ്ങളുടെ പെണ്‍കുട്ടികളെ ആക്രമിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും. ക്രൂരമായ മര്‍ദ്ദനമാണ് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പൊലീസ് നടത്തുന്നത്.

ആര്‍ക്കാണ് കറുപ്പിനോട് ദേഷ്യമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. പിന്നെ എന്തിനാണ് മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പ് മുന്‍ എം.എല്‍.എ സി.പി കുഞ്ഞിന്റെ വീടിന് മുന്നില്‍ സ്ഥാപിച്ച കരിങ്കൊടി പൊലീസുകാര്‍ അഴിച്ചു മാറ്റിയത്? കറുത്ത വസ്ത്രം ധരിച്ച എത്ര പേരെയാണ് അറസ്റ്റു ചെയ്തത്? അരൂരില്‍ നിന്നും കൊല്ലത്ത് ടൂര്‍ വന്ന കുട്ടികളെ കറുത്ത വസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടു മണിക്കൂര്‍ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് കറുത്ത ചുരിദാര്‍ ധരിച്ചതിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ അറസ്റ്റു ചെയ്തില്ലേ? നിങ്ങള്‍ക്ക് എന്തിനാണ് കറുപ്പിനോട് ഇത്രയും ദേഷ്യം? ഇപ്പോള്‍ കറുപ്പിനോടുള്ള ദേഷ്യം മാറി വെളുത്ത വസ്ത്രം ധരിക്കുന്ന കോണ്‍ഗ്രസുകാരോടായി. ഇതൊക്കെ ഏതെങ്കിലും കാലത്ത് കേരളത്തില്‍ നടന്നിട്ടുണ്ടോ?

എല്ലാ സാമൂഹിക വിരുദ്ധ ഏര്‍പ്പാടുകളിലും പങ്കാളികളായവരാണ് കൊല്ലത്ത് വിഷ്ണു സുനില്‍ പന്തളം എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചത്. റിസോര്‍ട്ടിനെതിരെ പരാതി നല്‍കിയതിന്റെ പേരിലായിരുന്നു ആക്രമണം. വധിക്കുമെന്ന് റിസോര്‍ട്ട് ഉടമ ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് നടപടി എടുത്തില്ല. അയാള്‍ അയച്ച ഗുണ്ടാ സംഘമാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്. നിങ്ങള്‍ക്ക് ഗുണ്ടകളും സാമൂഹിക വിരുദ്ധരും പെണ്‍കുട്ടികളെ ആക്രമിക്കുന്നവരുമാകാം. എന്നിട്ടാണ് സമരം ചെയ്യുന്നവരെ തലയ്ക്കടിച്ച് വീഴ്ത്തുന്നത്.


നിങ്ങള്‍ക്ക് കേരളത്തിലെ പ്രതിപക്ഷത്തെ ഭയമാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ പോലും പ്രസംഗിക്കാന്‍ അനുവദിക്കാത്തത്. ഷൗട്ടിംഗ് ബ്രിഗേഡിനെ ഇറക്കി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇനിയും ചോദ്യം ചെയ്യും. അത് പ്രതിപക്ഷ ധര്‍മ്മമാണ്. സര്‍ക്കാരിന് മംഗള പത്രം എഴുതുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ക്രൂരകൃത്യങ്ങളാണ് പൊലീസ് നടത്തുന്നത്. അടിച്ചമര്‍ത്തിയും ഭയപ്പെടുത്തിയും കേസുകളില്‍ ഉള്‍പ്പെടുത്തിയും പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ നേക്കുകയാണ്. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിങ്ങള്‍ നടത്തിയ സമരങ്ങള്‍ക്കു പിന്നിലെ കാരണം പരിശോധിച്ചാല്‍ നിങ്ങള്‍ തന്നെ ചിരിച്ച് മണ്ണ് കപ്പിപ്പോകും. നിങ്ങളെ പോലെ അക്രമസമരങ്ങളൊന്നും ഞങ്ങള്‍ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതില്‍ എന്താണ് തെറ്റ്? മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ വാഹനവ്യൂഹം നിങ്ങള്‍ ചാവേറുകളെ വിട്ട് തടഞ്ഞിട്ടില്ലേ?

ഭരണഘടനാ വിരുദ്ധമായ കരുതല്‍ തടങ്കലുമായി മുന്നോട്ട് പോയാല്‍ നിയമ നടപടികള്‍ സ്വീകരിക്കും. ആലുവയിലും അങ്കമാലിയിലും കരിങ്കൊടി കാട്ടിയതിന് പിന്നില്‍ കോണ്‍ഗ്രസില്‍ എന്തോ കുഴപ്പമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആദ്യം മുഖ്യമന്ത്രി എല്‍.ഡി.എഫ് കണ്‍വീനറെ ഗോവിന്ദന്‍ മാഷിന്റെ ജാഥയില്‍ പങ്കെടുപ്പിക്കാന്‍ നോക്ക്. നിങ്ങളുടെ കണ്ണിലെ തടി എടുത്ത് മാറ്റിയിട്ട് ഞങ്ങളുടെ കണ്ണിലെ കരടെടുക്കാന്‍ വന്നാല്‍ മതി.

മിവാ ജോളിയെ പരസ്യമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫി പറമ്പില്‍ എം.എല്‍.എയും കയ്യേറ്റം ചെയ്തത്. ഒരു എ.എസ്.ഐയും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ച ഉദ്യോഗസ്ഥന്‍ സമനില തെറ്റിയതു പോലെയാണ് സമരക്കാരെ അടിച്ചത്. അവര്‍ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതിന് തയാറാകുമോ എന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. അതിന് തയാറല്ലെന്നാണ് മുഖ്യമന്ത്രിയുടെ മൗനത്തില്‍ നിന്നും വ്യക്തമാകുന്നത്. പൊലീസിന്റെ കിരാത വാഴ്ചയ്ക്ക് മുഖ്യമന്ത്രി ലൈസന്‍സ് കൊടുക്കുകയാണ്. ഇതുമായി യോജിച്ച് പോകാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ല.