നടിയെ ആക്രമിച്ച കേസിലെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. 
 
kerala-highcourt

നടിയെ ആക്രമിച്ച കേസിലെ  പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ഇപ്പോൾ നടക്കുന്ന തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണ്. തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. 

സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കുന്നത് പ്രായോഗികമല്ല. പുതിയ സാക്ഷികളിൽ രണ്ടുപേർ അയൽസംസ്ഥാനങ്ങളിൽ ആണുള്ളത്. മറ്റൊരാൾ കൊവിഡ് ബാധിച്ച ചികിത്സയിലാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ അറിയിച്ചു.

വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന സർക്കാര്‍ ആവശ്യത്തിനെതിരെ  ദിലീപ് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.  വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹർജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ദിലീപ് ആരോപിച്ചു. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിച്ചു