തൊഴിലാളികള്‍കായി സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാവാതെ കിടക്കുന്നു : വി.ഡി.സതീശന്‍
: വിവിധ കാലങ്ങളില്‍ തൊഴിലാളികള്‍ക്കായി സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ണമായും നടപ്പിലാവാതെ കിടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്ഥിരപ്പെടുത്തല്‍, വേതന വ്യവസ്്ഥകള്‍, ക്ഷേമനിധി, പെന്‍ഷന്‍ പദ്ധതി ഇവയെല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ-വായ്പാ പിരിവുകാരായ തൊഴിലാളികളെ 2005-ലെയും 2015-ലെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പലരെയും സ്‌കീമില്‍ അംഗമാക്കിയിട്ടില്ല. അംഗമായവരെ വിരമിച്ച ശേഷം വിഹിതം കുറവാണെന്നു പറഞ്ഞു മിനിമം പെന്‍ഷന്‍ പോലും നിഷേധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകളുടെയും മാനേജ്‌മെന്റുകളുടെയും നീതിനിഷേധത്തില്‍ പ്രതിഷേധിച്ചു കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് കളക്‌റ്റേഴ്‌സ് അസോസിഷേന്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വി.ഡി.സതീശന്‍.
വായ്പാ പിരിവുകാര്‍ക്കു ഗ്രാറ്റുവിറ്റി അര്‍ഹത ഉണ്ടായിട്ടും അതവര്‍ക്ക് നല്‍കാന്‍ ഭരണസമിതികളും സര്‍ക്കാരുകളും നടപടി സ്വീകരിച്ചിട്ടില്ല. 25 ലക്ഷത്തോളം പേര്‍ക്കു സര്‍ക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നത് പ്രാഥമിക സഹകരണ മേഖലയിലുള്ള ഈ വിഭാഗമാണ്. 2021 നവംബര്‍ മുതല്‍ പെന്‍ഷന്‍ വീടുകളില്‍ എത്തിച്ചതിനുള്ള ഇന്‍സന്റീവ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലായി 15000-ത്തിലധികം പേര്‍ ഈ മേഖലയില്‍ മാത്രം തൊഴിലെടുക്കുന്നുണ്ട്. തസ്തികയും സ്‌കെയിലും അനുവദിച്ചു വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചു മുന്‍കാല പ്രാബല്യത്തോടെ മുഴുവന്‍ നിക്ഷേപ വായ്പ പിരിവുകാരെയും സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
എംഎല്‍എമാരായ കുറുക്കോളി മൊയ്തീന്‍, ടി.സിദിഖ്, സജീവ് ജോസഫ് , സിഎംപി. സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍ ഐഎന്‍ടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു. സിബിഡിസിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷനായിരുന്നു. ധര്‍ണ്ണയ്ക്കു എം.കെ. വിനോദ് കുമാര്‍,ആലി ചേന്ദമംഗല്ലൂർ, യു.വിജയപ്രകാശ്, പി.രാധാകൃഷ്ണന്‍ ,വി ജെ ലൂക്കോസ്,സരിജാ ബാബു, ടി സെയ്തുട്ടി, കുഞ്ഞാലി മമ്പാട്ട് , അനീഷ് മാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി.