അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല; പ്രതിപക്ഷം ഇറങ്ങിപോയി

 
V D

തുടർച്ചയായ രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്നവർക്ക് മുഴുവൻ ശമ്പളവും നൽകാത്തതിൽ പ്രതിഷേധിച്ചാണ് എം വിൻസെന്‍റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

തുടർച്ചയായ രണ്ടാം ദിവസവും സ്പീക്കർ പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളിൽ കൈകടത്തിയാൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ല. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ സർക്കാർ ഭയപ്പെടുന്നു. ഇത് സംസ്ഥാന നിയമസഭയാണ്, സി.പി.എം സംസ്ഥാന കമ്മിറ്റിയല്ല. സംസ്ഥാന കമ്മിറ്റിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാം. അത് ഇവിടെ അനുവദിക്കാനാവില്ല. തികഞ്ഞ നീതി നിഷേധമാണ് നടക്കുന്നത്. സർക്കാർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

അതേസമയം, മാർച്ച് ആറിന് ഹൈക്കോടതി അന്തിമ വിധി പറയാനിരിക്കുന്ന വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ വ്യക്തമാക്കി. അന്തർസംസ്ഥാന ജിഎസ്ടി പിരിവിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. പുതിയ വിഷയമല്ലെന്നും ചർച്ച ചെയ്യാൻ ഇനിയും സമയമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.