സംസ്ഥാന പോലീസ് മേധാവിക്ക് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ യാത്രയയപ്പ് നല്കി
പോലീസിന്റെ പ്രതിച്ഛായ പൊതുസമൂഹത്തിൽ ഉയര്‍ത്തിപ്പിടിക്കുന്നതിനും പോലീസിനെതിരെയുള്ള വാര്‍ത്തകള്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ലോക്നാഥ് ബെഹ്റയ്ക്ക് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ നല്കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊരു സര്‍ക്കാര്‍ സംവിധാനത്തിന്റെയും സല്‍പ്പേര് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന് മികച്ച പങ്ക് വഹിക്കാനുണ്ട്. പോലീസ് സംവിധാനത്തില്‍ ഇതിനു വലിയ പ്രാധാന്യമാണുള്ളത്. സര്‍ക്കാരിനെ പൊതുജനം വിലയിരുത്തുന്നത് പോലീസിന്റെ പ്രകടനവും പെരുമാറ്റവും കണക്കിലെടുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഉപഹാരം ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ചു. എഡിജിപി മനോജ് എബ്രഹാം, ഡിഐജി എസ്. ശ്യാംസുന്ദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.