ടുക്ക് ടുക്ക് ടൂര്‍’; ടൂറിസം അംബാസഡർമാരായി ഇനി ഓട്ടോ ഡ്രൈവർമാരും

 
auto

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ഇനി ഓട്ടോ ഡ്രൈവർമാരും. വയനാട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിനകം 100 ഡ്രൈവർമാർ പദ്ധതിയുടെ ഭാഗമായി. ഓരോ പഞ്ചായത്തിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലായിരിക്കും ഇവരെ നിയമിക്കുക.

സർക്കാർ അംഗീകരിച്ച നിരക്കിലായിരിക്കും യാത്ര. ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കാനാണ് ‘ടുക്ക് ടുക്ക് ടൂര്‍’ പദ്ധതി ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്ന് മുതൽ വയനാട് ജില്ലയിൽ പദ്ധതി ആരംഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) പരിശീലനം നല്‍കും. ഓട്ടോയില്‍ ക്യു.ആര്‍. കോഡും പതിക്കും. ഇത് സ്‌കാന്‍ ചെയ്താല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെന്ന് വയനാട് ഡി.ടി.പി.സി. സെക്രട്ടറി കെ.ജി. അജേഷ് പറഞ്ഞു. പഞ്ചായത്തുകളിലൂടെയാണ് ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുന്നത്.

ഓട്ടോറിക്ഷ ബുക്ക് ചെയ്യാം

ടൂറിസംവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓട്ടോഡ്രൈവര്‍മാരുടെ പേരും ഫോണ്‍നമ്പറും ഉള്‍പ്പെടുത്തും. ഇവരെ ബന്ധപ്പെട്ടാല്‍ സഞ്ചാരികള്‍ പറയുന്ന സ്ഥലത്ത് ഓട്ടോറിക്ഷയെത്തും. പദ്ധതിയുമായി സഹകരിക്കുന്ന ഓട്ടോയില്‍ ടൂറിസം വകുപ്പിന്റെ ലോഗോയും പതിക്കും.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, പഞ്ചായത്ത് ടൂറിസം ഗൈഡന്‍സ് സെന്ററുകള്‍ എന്നിവിടങ്ങളിലൂടെയും ബുക്ക് ചെയ്യാം.