ഊരാളുങ്കൽ സൊസൈറ്റിയുടെ സുരക്ഷാവാരത്തിന് 50 പേരുടെ രക്തദാനത്തോടെ തുടക്കം

 
blood

ദേശീയസുരക്ഷാദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ്, ആർസിസി എന്നിവിടങ്ങളിൽ ഊരാളുങ്കൽ സൊസൈറ്റിയിലെ തൊഴിലാളികളും എൻജിനീയർമാരുമായ 50 പേർ രക്തദാനം നടത്തി. ദേശീയസുരക്ഷാവാരമായ ഏപ്രിൽ 4 മുതൽ 10 വരെ സൊസൈറ്റിയുടെ പ്രവൃത്തികൾ നടക്കുന്ന എല്ലാ സൈറ്റിലും ഓഫീസുകളിലും ആഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ തുടക്കമായിരുന്നു രക്തദാനം.

വാരാചരണത്തിൻ്റെ ഭാഗമായി മാർച്ച് 6-ന് മെഡി. കോളെജ് ആശുപത്രിയിലെ നൂറു കിടപ്പുരോഗികൾക്കു സൊസൈറ്റി സൗജന്യ ഉച്ചഭക്ഷണം നല്കുന്നുണ്ട്. തിരുവനന്തപുരത്തു നിർമ്മാണം നടക്കുന്ന വിവിധ പ്രൊജക്റ്റുകളിൽനിന്നു തെരഞ്ഞെടുത്ത തൊഴിലാളികൾക്ക് ഫയർ ഫോഴ്സുമായി ചേർന്ന് മാർച്ച് 10-ന് വേളി ടൂറിസ്റ്റ് വില്ലേജിൽ സുരക്ഷാപരിശീലനവും സംഘടിപ്പിക്കും.

സംസ്ഥാനത്ത് സൊസൈറ്റിയുടെ പ്രവൃത്തികൾ നടക്കുന്ന എല്ലാ സൈറ്റിലും ഓഫീസുകളിലും രാവിലെ പതാക ഉയത്തുകയും സുരക്ഷാപ്രതിജ്ഞ എടുക്കുകയും ചെയ്തു. വിവിധ ബോധവത്ക്കരണപരിപാടികളും സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് സേഫ്റ്റി ക്വിസ്, ട്രാഫിക് സേഫ്റ്റി ബോധവൽവക്കരണ ക്ലാസുകൾ, ഫയർ സേഫ്റ്റി അവയർനസ്, ദേശീയ, സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റികൾ സംയുക്തമായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ, മോക്ക് ഡ്രിൽ, പൊതുവിടങ്ങളുടെ ശുചീകരണം തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് എല്ലാ കേന്ദ്രത്തിലും ദേശീയസുരക്ഷാവാരം ആഘോഷിക്കുന്നത്.

അട്ടപ്പാടി വനമേഖലയിൽ വനത്തിലെ സഹജീവികളെ ചുട്ടുപൊള്ളുന്ന വേനലിൽനിന്നു രക്ഷിക്കാൻ ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാർ വനം വകുപ്പ് മണ്ണാർക്കാട് ഡിവിഷനുമായിച്ചേർന്ന് മാർച്ച്‌ 9-ന് ബ്രഷ് വുഡ് ചെക്ക് ഡാം നിർമ്മിക്കും.

സൊസൈറ്റിയുടെ ദേശീയസുരക്ഷാവാരാഘോഷം വടകരയിലെ ആസ്ഥാനത്ത് കോഴിക്കോട് കോഴിക്കോട് കലക്ടര്‍ ഡോ. ടി. എല്‍. റെഡ്ഡി ഉദ്ഘാടനം ചെയ്തു. അഞ്ചുകൊല്ലംകൊണ്ട് അപകടങ്ങളുടെ ആവൃത്തി 0.42-ൽനിന്ന് 0.2 ലേക്ക് എത്തിക്കാൻ സൊസൈറ്റിക്കു കഴിഞ്ഞു എന്നത് വലിയ നേട്ടമാണെന്നു ചൂണ്ടിക്കാട്ടിയ കളക്റ്റർ ഈ നേട്ടത്തിനു സൊസൈറ്റിയെ പ്രശംസിച്ചു. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അദ്ധ്യക്ഷനായി.

സൊസൈറ്റി നിർവ്വഹിക്കുന്ന നിർമ്മാണപ്രവൃത്തികളിലെ ഏറ്റവും മികച്ച പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ (ഇഎച്ഛ്എസ് EHS) പ്രവർത്തനങ്ങൾക്കുള്ള  പുരസ്ക്കാരങ്ങളും സമ്മാനിച്ചു. ചെല്ലാനം തീരസംരക്ഷണപദ്ധതിക്കാണ് നിർമ്മാണം നടക്കുന്ന പദ്ധതികളുടെ വിഭാഗത്തിൽ പുരസ്ക്കാരം.

നിർമ്മാണം നടക്കുന്ന മറ്റു പ്രധാന പദ്ധതികളിലെ ഇഎച്ഛ്എസ് മികവിനുള്ള അവാർഡുകൾ റോഡ് വിഭാഗത്തിൽ ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ്, പാലക്കാട് ദേശീയപാത 966, പാലം വിഭാഗത്തിൽ പെരുമ്പളം പാലം, പൂളക്കടവ് ആർസിബി, കെട്ടിടവിഭാഗത്തിൽ കെബി ടവർ, ഡ്രീം മാൾ എന്നിവ കരസ്ഥമാക്കി. ഇടത്തരം പദ്ധതികളിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്കെട്ടിടം, ചെമ്പുക്കടവ് പാലം, ചെറുകിടപദ്ധതികളിൽ വടകര സഹകരണ ആശുപത്രിക്കെട്ടിടം, നല്ലളം റീട്ടയിനിങ് വാൾ എന്നിവയ്ക്കാണ് അവാർഡ്. ഈ രംഗത്തെ മികച്ച വ്യക്തിഗതപ്രകടനത്തിനുള്ള പുരസ്ക്കാരങ്ങളും സമ്മാനിച്ചു.