വൈഷ്ണവം സാഹിത്യ പുരസ്കാരം സി. രാധാകൃഷ്ണന്

 
pp

പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തുന്ന രണ്ടാമത്തെ വൈഷ്ണവം സാഹിത്യ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന് നൽകാൻ തീരുമാനിച്ചു. 1,11,111/- (ഒരുലക്ഷത്തി പതിനോരായിരത്തി ഒരുനൂറ്റിപ്പതിനൊന്ന്) രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം കവിയുടെ ജന്മദിനമായ ജൂൺ 2ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ, പ്രൊഫ. ടി. പി. ശങ്കരൻകുട്ടി നായർ, ട്രസ്റ്റ് പ്രസിഡന്റ് പ്രഭാ വർമ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകളെ മുൻ‌നിർത്തി പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

    'നിഴൽപ്പാടുകൾ', 'മുൻപേ പറക്കുന്ന പക്ഷികൾ', 'തീക്കടൽ കടഞ്ഞ് തിരുമധുരം', 'വേർപാടുകളുടെ വിരൽപ്പാടുകൾ' തുടങ്ങി നിരവധി നോവലുകളിലൂടെ നമ്മോടൊപ്പം സഞ്ചരിച്ച്, പതിറ്റാണ്ടുകളായി സി. രാധാകൃഷ്ൻ എന്ന പ്രതിഭ, മലയാള മനസ്സിന്റെ സ്പന്ദമാപിനിയായി നിന്നു എന്നും, നിസർഗ്ഗസുന്ദരമായ ആഖ്യാനശൈലിയും, ഭാവനയുടെ സൗന്ദര്യദീപ്തിയും സമന്വയിപ്പിച്ച ആ കഥാലോകം കേരളീയ സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പായി ചരിത്രത്തിൽ രേഖപ്പെടുത്തും എന്നും ജൂറി വിലയിരുത്തി.

 പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണ നിലനിർത്തുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വൈഷ്ണവം ട്രസ്റ്റ് തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ശ്രീ പ്രഭാ വർമ്മ പ്രസിഡന്റും, ഡോ. ആർ. അജയ് കുമാർ ജനറൽ സെക്രട്ടറിയും, ഡോ. എൻ. അദിതി വൈസ് പ്രസിഡന്റും, ഡോ. ശ്രീവത്സൻ നമ്പൂതിരി ട്രഷററും ആയ ട്രസ്റ്റ്, കവിയുടെ ജന്മദിനമായ ജൂൺ 2ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് പുരസ്കാര സമർപ്പണവും, വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കവിതകളെ കുറിച്ചുള്ള സെമിനാറും, അനുസ്മരണ പ്രഭാഷണവും നടത്തും.