ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിന് വീണ്ടും മൊഴി

 
ganesh

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ കെ.എസ്.ടി.പി അഴിമതി കേസിൽ വിജിലൻസിന് വീണ്ടും മൊഴി. ആത്മഹത്യ ചെയ്ത മലേഷ്യൻ കമ്പനി പ്രോജക്ട് മാനേജർ ലീ സി ബിന്നിന്റെ സഹായിയായിരുന്ന ഷാജഹാനാണ് ഗ്യാനേഷ് കുമാറിനും പൊതുമരാമത്ത് വകുപ്പിനുമെതിരെ മൊഴി നൽകിയത്.

പൊതുമരാമത്ത് ഉദ്യോഗസ്ഥർ ബില്ലുകൾ തടഞ്ഞുവച്ചതോടെ ലീ മാനസികമായി തകർന്നെന്നും കൈക്കൂലി ആവശ്യപ്പെട്ട കാര്യം ലീ തന്നോട് പറഞ്ഞിരുന്നെന്നും ഷാജഹാൻ മൊഴി നൽകി. ലീയുടെ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യങ്ങൾ പരാമർശിച്ചിരുന്നതായി കമ്പനി ജീവനക്കാർ വഴി അറിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എസ്.ടി.പി പദ്ധതിയുടെ ബില്ലുകൾ മാറിനൽകാൻ ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കരാറുകാരൻ വി.ഒ. സാജന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. നേരത്തെ നൽകിയ മൊഴി വിജിലൻസ് ഉദ്യോഗസ്ഥർ തിരുത്തിയെന്നും അന്വേഷണം ഗ്യാനേഷിനെ സംരക്ഷിക്കാനായിരുന്നെന്നും സാജൻ ആരോപിച്ചിരുന്നു. ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.