വനിത ശിശുവികസന വകുപ്പില്‍ വിവ കാമ്പയിന് തുടക്കം

മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അനീമിയ പരിശോധന: മന്ത്രി വീണാ ജോര്‍ജ്
 
viva

വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അനീമിയ നിര്‍ണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമുള്‍പ്പെടെ 66,630 പേരും 4,500 മറ്റ് ജീവനക്കാരുമുണ്ട്. ഈ മുഴുവന്‍ ജീവനക്കാര്‍ക്കും ഹീമോഗ്ലോബിന്‍ പരിശോധന നടത്തും. ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കും. ഘട്ടംഘട്ടമായി മറ്റ് വിഭാഗത്തിലുള്ളവരേയും കാമ്പയിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിളര്‍ച്ച കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് കോംപ്ലക്‌സ് പരിധിയിലെ എല്ലാ കാര്യാലയങ്ങളിലേയും ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവ കാമ്പയിന്‍ സംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം നിര്‍വഹിച്ചു. വകുപ്പിലെ 141 ജീവനക്കാര്‍ ക്യാമ്പില്‍ പങ്കെടുത്ത് ഹീമോഗ്ലോബിന്‍ പരിശോധന നടത്തി.