കായംകുളം എന്ന ബ്രാൻഡിനെ ലോകത്തിന് പരിചയപ്പെടുത്തുന്ന മാധ്യമമാകണം ജലോത്സവം: മന്ത്രി എം ലിജു
കായംകുളത്തിന്റെ പ്രകൃതിഭംഗിയും തീരദേശ ഗ്രാമങ്ങളുടെ ജീവിതവും തനതായ ആചാരങ്ങളും വ്യാപാര-വാണിജ്യ മേഖലയുടെ സവിശേഷതകളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന വേദിയായി ജലോത്സവം മാറണമെന്ന് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു.
കായംകുളം ജലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയ്ക്ക് ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായംകുളത്തെ ഒരു ബ്രാൻഡായും നാടിന്റെ സാംസ്കാരിക പൈതൃകവും നാടിന്റെ മഹത്വവും ഉയർത്തിപ്പിടിക്കുന്ന ശക്തമായ മാധ്യമമായി ജലോത്സവം വികസിക്കണം. ജലോത്സവം കാണാൻ എത്തുന്ന വിദേശ സഞ്ചാരികളെയടക്കം കായംകുളത്തിന്റെ കാഴ്ചകൾ ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കായംകുളം നഗരസഭ ചെയർമാൻ ശരത് ലാൽ ബല്ലാരി അധ്യക്ഷനായി. വർക്കിംഗ് ചെയർമാൻ അഡ്വ ഇ സമീർ സ്വാഗതം ആശംസിച്ചു. ജലോത്സവ സംഘാടക കമ്മിറ്റി ചീഫ് കോഡിനേറ്റർ കറ്റാനം ഷാജി, അംഗങ്ങളായ പി സി റെജി, കെ കെ നൗഷാദ്, അരിതാ ബാബു, സി എ സാദിക്ക്, ഷമീം ചീരാമത്ത്,
കെപിസിസി സെക്രട്ടറിമാരായ എൻ രവി, അഡ്വ എൻ ത്രിവിക്രമൻ തമ്പി, കെപിസിസി അംഗം യു മുഹമ്മദ്, ഐ യു എം എൽ ജില്ലാ സെക്രട്ടറി എച്ച് ബഷീർ കുട്ടി, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എ എം കബീർ, കൺവീനർ എ ഇർഷാദ്, അഡ്വ ജോസഫ് ജോൺ- കേരളാ കോൺഗ്രസ്, സിപിഎം ജില്ലാ സെക്രട്ടറി എ നിസാർ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പാറയിൽ രാധാകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ചടങ്ങിന് മുന്നോടിയായി വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു. കായംകുളം മികാസ് കൺവെൻഷൻ സെന്ററിൽനിന്ന് ആരംഭിച്ച ഘോഷയാത്ര എൽമെക്സ് ഗ്രൗണ്ടിൽ സമാപിച്ചു.
