സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ വീഴ്ച

യുഎഇയിൽ സ്ഥാപനങ്ങള്‍ക്ക് 400 കോടി ദിര്‍ഹം പിഴ
 
ppp

സ്വദേശിവൽക്കരണം നടപ്പാക്കുന്നതിൽ വീഴ്‍ച വരുത്തിയ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആകെ 400 കോടി ദിർഹം പിഴ ചുമത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 50 ൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും 2022 അവസാനത്തോടെ 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നായിരുന്നു നിർദ്ദേശം.

നിയമിക്കപ്പെടേണ്ടിയിരുന്ന ഓരോ സ്വദേശിക്കും പകരമായി 72,000 ദിർഹം പിഴ ഈടാക്കും. 2026 ഓടെ സ്വദേശിവൽക്കരണം ഓരോ വർഷവും രണ്ട് ശതമാനം വർദ്ധിപ്പിച്ച് 10 ശതമാനമായി ഉയർത്തണമെന്നാണ് ഫെഡറൽ നിയമം അനുശാസിക്കുന്നത്. രാജ്യത്തെ 9,293 സ്വകാര്യ കമ്പനികൾ നിലവിലെ ലക്ഷ്യം കൈവരിച്ചു. അതേസമയം, സ്വദേശിവൽക്കരണ കണക്കുകളിൽ കൃത്രിമം കാണിച്ച 227 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. 109 സ്ഥാപനങ്ങളുടെ പദവി കാറ്റഗറി മൂന്നായി കുറച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 20 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് യു.എ.ഇ സർക്കാർ നൽകുന്ന വേതന സുരക്ഷാ പദ്ധതിയായ നാഫിസ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് 130 കേസുകളിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിവെച്ചിട്ടുണ്ട്. ഇവർക്ക് ഇതുവരെ നൽകിയ സാമ്പത്തിക സഹായം തിരിച്ചുപിടിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാഫിസ് പ്രോഗ്രാം ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇവര്‍ വ്യാജമായി നിയമിക്കുന്ന ഓരോ സ്വദേശിക്കും 20,000 മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തും. കൂടാതെ, ആനുകൂല്യങ്ങളുടെ വിതരണം നിർത്തുകയും ഇതുവരെ നൽകിയ പണം തിരികെ ഈടാക്കുകയും ചെയ്യും.