കോടീശ്വരൻമാർ ഖത്തറിലേക്ക് പറക്കാനൊരുങ്ങുന്നു

ചാർട്ടർ വിമാനങ്ങൾക്ക് 'പിടിവലി'യെന്ന് കമ്പനികൾ
 
qater

ദോഹ : ഖത്തർ ലോകകപ്പിനായി പ്രത്യേകം ചാർട്ടർ ചെയ്ത വിമാനങ്ങളിൽ ഖത്തറിലേക്ക് പറക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ കോടീശ്വരന്മാർ.ഇന്ത്യയിലെ അതിസമ്പന്നരായ ആളുകൾക്കായി ചാർട്ടർ വിമാനങ്ങളുടെ ആവശ്യകത വൻ തോതിൽ ഉയർന്നതായി എയർ ചാർട്ടർ സോഴ്‌സിംഗ് കമ്പനികളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.ഇന്ത്യയിൽ ലഭ്യമായ ചാർട്ടർ വിമാനങ്ങൾ മുഴുവൻ ബുക്ക് ചെയ്തു കഴിഞ്ഞതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.


“ഇക്കഴിഞ്ഞ മാസം ഞങ്ങൾക്ക് ലഭിച്ച അഭ്യർത്ഥനകളിൽ കൂടുതലും ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലേയ്ക്കും ദുബായിലേയ്ക്കുമുള്ളതാണ്. ഇന്ത്യൻ ബിസിനസ്സ് സമൂഹത്തിൽ നിന്നുള്ള ഈ ഭീമൻമാരിൽ ആരൊക്കെയാണ് ലോകകപ്പിനായി ഇത്തരം ചാർട്ടർ വിമാനങ്ങൾ ബുക്ക് ചെയ്തിരിക്കുന്നതെന്ന്  ഞങ്ങൾക്ക് തീർച്ചയായും പറയാൻ കഴിയും, എന്നാൽ ഞങ്ങളുടെ സ്വകാര്യതാ നയം അനുസരിച്ച് ഞങ്ങളുടെ ഇടപാടുകാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല" ബിസിനസ് എയർ ചാർട്ടർ വ്യവസായത്തിലെ ഓപ്പറേറ്റർമാരെയും ബ്രോക്കർമാരെയും ബന്ധിപ്പിക്കുന്ന  ആഗോള എയർ ചാർട്ടർ സോഴ്‌സിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാ ചാർട്ടർ സ്ഥാപകൻ ക്യാപ്റ്റൻ അഭിഷേക് സിൻഹയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ മൽസരം കാണാനായി മാത്രം ഒരു ദിവസത്തേക്ക് വിമാനം ചാർട്ടർ ചെയ്തുവരുന്ന അതിസമ്പന്നരാണ് ഇവരിൽ ഭൂരിഭാഗവും.അതേ ദിവസം തന്നെ മത്സരം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനാണ് ഇവർ ചാർട്ടർ വിമാനങ്ങളെ ആശ്രയിക്കുന്നത്.30 സീറ്റുകളുള്ള വിമാനത്തിൽ ദോഹയിലേക്കുള്ള ടൂ-വേ യാത്രയ്ക്ക് ഏകദേശം 50 മുതൽ  60 ലക്ഷം രൂപവരെയാണ് കണക്കാക്കുന്നത്.നികുതിയിനത്തിലുള്ള തുക കൂടി ഇതോടൊപ്പം വരും.ഡൽഹിയിൽ നിന്നും മുംബയിൽ നിന്നുമുള്ള നിരക്കാണിത്. വർദ്ധിച്ചുവരുന്ന ഡിമാൻഡും ലഭ്യതക്കുറവും കാരണം ഇപ്പോൾ 40-50 ശതമാനം വരെ വില വർധിപ്പിക്കാൻ പോലും നിർബന്ധിതരാവുകയാണെന്നും  ക്യാപ്റ്റൻ അഭിഷേക് സിൻഹ വെളിപ്പെടുത്തി.
ഇത്തരത്തിൽ ചാർട്ടർ വിമാനങ്ങളിൽ ഇന്ത്യയിൽ നിന്ന്  ഖത്തറിലേക്ക് പറക്കാനൊരുങ്ങുന്ന അതിസമ്പന്നരിൽ ഭൂരിഭാഗവും 40 വയസ്സിന് താഴെയുള്ളവരും ജ്വല്ലറികളെക്കാൾ അനുഭവങ്ങൾക്ക് പ്രാധാന്യം നല്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.