ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പുതിയ കുവൈത്ത് അമീർ

 
obit

കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.എല്ലാ മേഖലകളിലും രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിനുവേണ്ടി ത്യാഗ സേവനങ്ങൾ സഹിച്ച പരേതനെ മന്ത്രിമാരുടെ കൗൺസിൽ അനുസ്മരിച്ചു.ഭരണഘടന അനുസരിച്ച് കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈറ്റ് സംസ്ഥാനത്തിന്റെ അമീറായിരിക്കുമെന്ന് അൽ-കന്ദേരി പ്രസ്താവനയിൽ അറിയിച്ചു.40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന് പുറമെ സർക്കാർ ഓഫീസുകൾ മൂന്ന് ദിവസത്തെ അടച്ചിടൽ നാളെ ഞായറാഴ്ച ആരംഭിച്ച് ഡിസംബർ 19 ചൊവ്വാഴ്ച അവസാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഇന്ത്യയുമായി പൊതുവിലും കേരളവുമായി പ്രത്യേകിച്ചും ഗാഢമായ സ്‌നേഹ സൗഹൃദങ്ങൾ പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസബാഹ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കുവൈത്തിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി അദ്ദേഹം വിവിധ ഘട്ടങ്ങളിൽ കൈക്കൊണ്ട നിലപാടുകളെ കൃതജ്ഞതയോടെ ഓർക്കുന്നു. സ്വന്തം നാട് എന്ന വികാരം കുവൈത്തിലെ മലയാളി സമൂഹത്തിന്റെ മനസ്സിൽ ഉറപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 

യുദ്ധാനന്തര ഘട്ടത്തിൽ കുവൈത്തിന്റെ പുനർനിർമ്മാണ പ്രക്രിയയിൽ മലയാളികളുടെ കഴിവുകൾ വലിയ തോതിൽ ഉപയോഗിക്കാൻ കുവൈത്ത് ഭരണസംവിധാനം ശ്രദ്ധിച്ചിരുന്നു. പിന്നീട് അദ്ദേഹം ഭരണാധികാരിയായപ്പോൾ അത് കൂടുതൽ ശക്തമായി. കുവൈത്ത് രാജകുടുംബത്തിന്റെയും കുവൈത്തി ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മനസ്സുകൊണ്ട് അവർക്ക് ഒപ്പം നിൽക്കുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

സിപിഐ എം സംസ്ഥാന സെക്രട്ടി എം  വി ഗോവിന്ദൻ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്ത ന്നു.
 കുവൈത്തിലെ മലയാളികളുടെ ക്ഷേമത്തിനായി  നടപടികൾ  കൈക്കൊണ്ട ഭരണാധികാരിയെയാണ് അദ്ദഹത്തിന്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. കുവൈത്ത് ജനതയ്ക്ക് എന്ന പോലെ കേരളത്തിനും അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്. 
ഗൾഫ് ബന്ധം ശക്തിപ്പെടുത്തുന്നതിനും അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിലും ലോകത്താകെയും  സുരക്ഷയും സമാധാനവും നിലനിർത്താൻ അദ്ദേഹം മുൻകയ്യെടുത്ത് പ്രവർത്തിച്ചിരുന്നു. 
ഗവർണർ, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, സാമൂഹ്യ കാര്യ, തൊഴിൽ മന്ത്രി എന്നീ നിലകളിലും  ഉപപ്രധാന മന്ത്രി, കിരീടാവകാശി, അമീർ എന്ന നിലയിലുമെല്ലാം കുവൈത്തിന്റെ പുരോഗതിയിൽ തന്റേതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. അര നൂറ്റാണ്ടിന്റെ ഭരണ പരിചയവുമായി അമീർ പദവിയിലെത്തിയ അദ്ദേഹം കുവൈറ്റിലെ  മലയാളികളുടെ  കഴിവുകൾ കാര്യക്ഷമമായി ഉപയോഗപെടുത്തുന്നതിലും ശ്രദ്ധ പുലർത്തി. 

വിവേകശാലിയായ ഭരണാധികാരിയെയും കേരളത്തിന്റെ സുഹൃത്തിനെയുമാണ്  നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുവൈത്ത് ജനതയുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു