വലിയ വിമാന സർവീസ് ആരംഭിക്കാൻ യോജിച്ച് സമ്മർദ്ദം ചെലുത്തണം. ചാർട്ടേഡ് വിമാന - കപ്പൽ സർവീസ് : എം.ഡി.സി പ്രതിനിധികൾ യുഎഇയിലേക്ക്.

 
pix

കരിപ്പൂർ വിമാനത്താവളത്തിൽ വലിയവിമാന സർവീസ് നിർത്തലാക്കിയിട്ട് 2023 ആഗസ്റ്റ് 7 ന് മൂന്നുവർഷം പൂർത്തിയാകുന്നു. അന്ന് കരിപ്പൂരിൽ നടന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാന അപകടത്തിൽ ഇൻസ്ട്രുമെന്റ ലാൻഡിങ് സിസ്റ്റത്തിന്റെ (ILS) ആന്റിനക്ക്  സാരമായ കേടു പറ്റി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 21.08.2020 പുതിയ ILS കരിപ്പൂരിൽ എത്തിച്ചു. 13.09.20ന്  ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം പുനസ്ഥാപിച്ച്  കാലിബ്രേഷൻ ടെസ്റ്റ് നടത്തി കൃത്യത ഉറപ്പുവരുത്തി. എന്നിട്ടും വലിയ വിമാന സർവീസ് ആരംഭിച്ചില്ല.  2002 മുതൽ ആരംഭിച്ച എമിറേറ്റ്സ്, സൗദി എയർലൈൻസ്, എയർ ഇന്ത്യ വലിയ വിമാനസർവീസുകൾ പുനരാരംഭിച്ചില്ല. അവരുടെ കോഴിക്കോട്ടെ മേഖല ഓഫീസുകളും  എയർപോർട്ടിലെ ഓഫീസുകളും  ഗ്രൗണ്ട് ഹാൻഡ്ലിംഗ്  സംവിധാനങ്ങളും  നിർത്തലാക്കി. വലിയവിമാന സർവീസ് ഇല്ലാത്തതുമൂലം മലബാറിലെ ഹജ്ജ് തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാരും, കാർഗോ കയറ്റുമതി ഇറക്കുമതിക്കാരും, ടൂറിസ്റ്റുകളും യാത്രയ്ക്ക് വളരെയധികം കഷ്ടനഷ്ടങ്ങൾ അനുഭവിക്കുന്നു

ആഘോഷ അവധിവേളകളിൽ അമിതവിമാനനിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇതിന്റെ  അടിസ്ഥാനത്തിൽ  മലബാർ ഡെവലപ്മെന്റ് കൗൺസിൽ 14-06-23ന് കേരളമുഖ്യമന്ത്രിക്കും,  വകുപ്പ് മന്ത്രിമാർക്കും സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ  സാന്നിധ്യത്തിൽ നോർക്ക, കേരള മാരിടൈം ബോർഡ്, വിമാന-കപ്പൽ ടൂർ ഓപ്പറേറ്റർമാർ, മറ്റു ബന്ധപ്പെട്ടവരുമായി കോഴിക്കോട് - യുഎഇ സെക്ടറിൽ ചാർട്ടേഡ്  വിമാന - യാത്ര കപ്പൽ സർവീസ് ആരംഭിക്കുന്നതിന്  കോഴിക്കോട്, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നു. അമിത വിമാന നിരക്ക് നിയന്ത്രിക്കണമെന്നും, ചാർട്ടേഡ് വിമാന സർവിസ് ആരംഭിക്കുന്നതിന് സംസ്ഥാനസർക്കാരിന് അനുമതി നൽകണമെന്നും അഭ്യർത്ഥിച്ചു ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് 12.07.23ന് എം ഡി സി നിവേദനം സമർപ്പിച്ചിട്ടുണ്ട്. 
അമിത വിമാന നിരക്ക് നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്ത സാഹചര്യത്തിൽ ഓണത്തിന് മുമ്പായി ചാർട്ടേഡ്  വിമാന - കപ്പൽ സർവീസ് ആരംഭിക്കുന്നതിന്  യുഎഇയിൽ വെച്ച് വിമാന - കപ്പൽ കമ്പനികളുമായും, ബോംബെയിൽ നിന്ന് ദുബായിലേക്ക് ചാർട്ടേഡ്  കപ്പൽ സർവീസ് നടത്തി പരിചയമുള്ള  മലയാളി കൂടിയായ കരിം വെങ്കിടങ് ഉൾപ്പെടെയുള്ള വിദഗ്ധരുമായി  ചർച്ച നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വേണ്ടിയാണ്         പ്രതിനിധി സംഘം പോകുന്നത്.  സംഘത്തിന് അവിടുത്തെ പ്രവാസി സംഘടനകളും, കൗൺസിൽ യു എ ഇ ഭാരവാഹികളായ സി.എ. ബ്യൂട്ടി പ്രസാദ്, എ.കെ. ഫൈസൽ തുടങ്ങിയവർ പരിപൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

പ്രമുഖ വിമാന കമ്പനിയായ  ഫ്ലൈ ദുബായ്  ഓഗസ്റ്റ് 2ന് 4:00 മണിക്ക് ദുബായിലെ ഫ്ലൈ ദുബായ് ക്യാമ്പസിലെ ഹെഡ് കോർട്ടേഴ്സിൽ വച്ച് കൂടിക്കാഴ്ചയ്ക്ക് എംഡിസിയെ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ  പ്രവാസികളുടെ യാത്രയ്ക്ക്  15 കോടി അനുവദിച്ചതും ഈ പദ്ധതിക്ക്  സഹായകരമാവും.

നിലവിൽ ദുബായ് കോഴിക്കോട് സെക്ടറിൽ ആഴ്ചയിൽ മൂന്ന് ദിവസം ഓപ്പറേറ്റ് ചെയ്യുന്ന ഫ്ലൈദുബായ് ദിനംപ്രതി ആക്കുന്നതിനും, സീസണിൽ  ദിവസേന രാവിലെയും വൈകുന്നേരവും സർവീസ് ആരംഭിക്കുന്നതിനും കൂടിക്കാഴ്ചയിൽ  സംഘം അഭ്യർത്ഥിക്കും. കോഴിക്കോട് നിന്ന് വലിയ വിമാനസർവീസ് അനുമതി അനന്തമായി നീളുകയാണെങ്കിൽ   ലഭിക്കുന്നതുവരെ കണ്ണൂർ എയർപോർട്ടിന്  പോയിന്റ് ഓഫ് കോളിംഗ് പദവി അനുമതിക്ക്   വിധേയമായി എമിറേറ്റ്സ്, സൗദി എയർലൈൻസ്, എയർ ഇന്ത്യ ആരംഭിക്കുന്നതിന് ശ്രമം നടത്തും. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ്  ഷവലിയാർ സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, യുഎഇ റീജിനൽ വൈസ് പ്രസിഡണ്ട് സി.എ. ബ്യൂട്ടി പ്രസാദ് , വൈസ് പ്രസിഡണ്ട്  ജോബ് കൊള്ളന്നൂർ, സെക്രട്ടറി കെ. സലിം എന്നിവർ ആഗസ്റ്റ് ഒന്നിന് ഫ്ലൈ ദുബായ് വിമാനത്തിൽ കരിപ്പൂരിൽ നിന്ന് യാത്ര തിരിക്കും.

പ്രതിനിധി സംഘം ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പ്രവാസി സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. പ്രസിഡണ്ട് സി. ഇ.  ചാക്കുണ്ണി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി എ ബ്യൂട്ടി പ്രസാദ്,  കാരാടൻ സുലൈമാൻ, അഡ്വ. എം. കെ. അയ്യപ്പൻ, ജോബ് കൊള്ളന്നൂർ, എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

ദുബായ് സന്ദർശനത്തിന് ശേഷം  വിരമിച്ച    എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എയ്റോ ഡ്രോം പ്ലാനിങ് ജനറൽ മാനേജർ, എയർപോർട്ട് ഡയറക്ടർമാർ (എ പി ഡി ), എയർ ട്രാഫിക് കൺട്രോളർ ഈ മേഖലയിലെ മറ്റു വിദഗ്ധരെ പങ്കെടുപ്പിച്ച് വിവിധ സംഘടനകളുടെ സംയുക്ത യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിച്ച് ഭാവി പരിപാടികൾകൾക്ക് രൂപം നൽകും.