വിദേശ വ്യാപാരത്തില്‍ റെക്കോർഡ് നേട്ടവുമായി യുഎഇ; കൈവരിച്ചത് 17% വർദ്ധനവ്

 
UAE
UAE

വിദേശ വ്യാപാരത്തിൽ റെക്കോർഡിട്ട് യു.എ.ഇ. രാജ്യത്തിന്‍റെ വിദേശ വ്യാപാരം കഴിഞ്ഞ വർഷം 17 ശതമാനം വർദ്ധിച്ചു. ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം വിദേശ വ്യാപാരത്തിൽ യുഎഇ കൈവരിച്ച നേട്ടങ്ങൾ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.

കഴിഞ്ഞ വർഷം യുഎഇയുടെ വിദേശ വ്യാപാരം 22 ട്രില്യൺ ദിർഹമായിരുന്നു (2.2 ട്രില്യൺ). 2021 നെ അപേക്ഷിച്ച് വിദേശ വ്യാപാരത്തിൽ 17 ശതമാനം വർദ്ധനവുണ്ടായതായി പ്രധാനമന്ത്രി അറിയിച്ചു.

യു.എ.ഇ.യുടെ അന്താരാഷ്ട്ര സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാവുകയാണ്. രാജ്യം അഭൂതപൂര്‍വ്വമായ നേട്ടമാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിൽ മുമ്പെങ്ങുമില്ലാത്തവിധം വിദേശനിക്ഷേപം വരുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ചരിത്രപരമായ നേട്ടത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്‍റെ ചരിത്രപരമായ വികസനത്തിൽ ഒപ്പം നിൽക്കുന്ന നിക്ഷേപകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.