ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ 4 പേർ മരണം; സ്കൂളുകൾക്ക് അവധി, ഇന്റർനെറ്റ് നിരോധനം

 
pix

ഹരിയാനയിലെ നൂഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ നീരജ്, ഗുർസോവാക്ക് എന്നീ രണ്ട് ഹോംഗാർഡുകൾ വെടിയേറ്റ് മരിച്ചു. നിരവധി പൊലീസുകാക്കുൾപ്പെടെ 15 പേർക്ക് പരിക്കേറ്റെന്ന് ഗുഡ്ഗാവ് കമ്മീഷണർ പറഞ്ഞു. പരിക്കേറ്റവരെ ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റി.നൂഹിൽ മൂന്ന് പേരും ഗുരുഗ്രാമിൽ 2 പേരും കൊല്ലപ്പെട്ടു. ഗുരുഗ്രാമിലെ സെക്ടർ 56ൽ നിർമാണത്തിലിരിക്കുന്ന പള്ളിക്ക് പുറത്ത് തിങ്കളാഴ്ച രാത്രിയാണ് രണ്ട് പേർ ആക്രമിക്കപ്പെട്ടത്.



ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ മതപരമായ ഘോഷയാത്രയെ ഒരുകൂട്ടം ആളുകൾ തടയാൻ ശ്രമിച്ചപ്പോഴാണ് ആദ്യം സംഘർഷം ഉണ്ടായത്. റാലിക്ക് നേരെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ടു കാറുകള്‍ അഗ്നിക്കിരയാക്കി.

സംഘർഷത്തെ തുടർന്ന്, പ്രദേശത്ത് ഇന്റർനെറ്റ് നിരോധിച്ചു. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിഭാഗങ്ങളും സമാധനത്തോടെയും ഒത്തൊരുമയോടെയും പോകണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ അറിയിച്ചു. നൂഹ്, സോഹ്ന, സമീപ ജില്ലകളിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഹരിയാന സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. അർദ്ധസൈനിക വിഭാഗത്തിന്റെ 13 കമ്പനികൾ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഫരീദാബാദ്, പൽവാൽ, ഗുരുഗ്രാം എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ല.



ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ഗാർഗി കക്കറിന്റെ നേതൃത്വത്തിൽ ഗുരുഗ്രാമിൽ നിന്നാണ് റാലിയാരംഭിച്ചത്. ബജ്റംഗ് ദൾ പ്രവർത്തകനും ഗോരക്ഷകനും രാജസ്ഥാനിൽ കൊലക്കേസ് പ്രതിയുമായ മോനു മനേസാർ റാലിയിൽ പങ്കെടുക്കുമെന്നറിയിച്ച് പുറത്തുവിട്ട വീഡിയോയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അഞ്ച് മാസമായി ഒളിവിലായിരുന്ന ഇയാളെ പിടിക്കാൻ രാജസ്ഥാൻ പൊലീസും നൂഹിലെത്തിയിരുന്നു.

യാത്ര നൂഹ് ജില്ലയിലേക്ക് കടന്നതിന് പിന്നാലെ കേദ്‌ല മോഡിന് സമീപത്ത് വച്ച് ഒരു സംഘം യുവാക്കൾ റാലി തടയുകയായിരുന്നു. തുടർന്നുണ്ടായ കല്ലേറിനിടെ റാലിയ്ക്കൊപ്പമുണ്ടായിരുന്ന രണ്ട് കാറുകൾക്ക് തീയിട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മോനു മനേസാറിനെയും കൂട്ടാളികളെയും റാലിക്കിടെ കണ്ടതായി റിപ്പോർട്ടുണ്ട്.