5.24 കോടിയുടെ തിരിമറി നടത്തിയതിന് പണം കൈകാര്യം ചെയ്യുന്ന ഏജന്സിയിലെ ചില ജീവനക്കാര്ക്കെതിരെ പൊലീസ് എഫ്‌ഐആര്‍
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്ശകര്ക്കുള്ള ടിക്കറ്റ് വില്പ്പനയില് നിന്നുള്ള പണത്തില് 5.24 കോടിയുടെ തിരിമറി നടത്തിയതിന് പണം കൈകാര്യം ചെയ്യുന്ന ഏജന്സിയിലെ ചില ജീവനക്കാര്ക്കെതിരെ പൊലീസ് എഫ്ഐആര്. നവംബര് 2018 മുതല് മാര്ച്ച് 2020 വരെയുള്ള ടിക്കറ്റ് വില്പ്പനയില് നിന്നുള്ള വരുമാനം ഇവര് ബാങ്കില് അടച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. പട്ടേല് പ്രതിമയുടെ മാനേജ്മെന്റിന് രണ്ട് അക്കൌണ്ടുകളുള്ള ബാങ്ക് ദിവസവും ടിക്കറ്റ് വില്പ്പനയിലൂടെ ലഭിക്കുന്ന പണം ബാങ്കില് എത്തിക്കാന് ഒരു ഏജന്സിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവര് നര്‍മ്മദയിലെ കേവഡിയയില്‍ നിന്നും പണം സ്വീകരിച്ച് തൊട്ടടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കും.എന്നാല്‍ ചില ഏജന്‍സി ജീവനക്കാര്‍ ഇത്തരത്തില്‍ പണം നിക്ഷേപിക്കാതെ 5,24,77,375 രൂപ തിരിമറി നടത്തിയതായി പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. പ്രതിമയുടെ മാനേജ്മെന്‍റിന് അക്കൌണ്ടുള്ള ബാങ്കിലെ മാനേജര്‍, പണം ശേഖരിച്ച് ബാങ്കില്‍ എത്തിക്കുന്ന ഏജന്‍സിയിലെ തിരിച്ചറിയാനുള്ള ജീവനക്കാര്‍ എന്നിവരെ ചേര്‍ത്താണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നതെന്ന് നര്‍മ്മദ ജില്ല പൊലീസ് ഡെപ്യൂട്ടി സുപ്രണ്ടന്‍റ് വാണി ദൂപത്ത് മാധ്യമങ്ങളോട് പറഞ്ഞു. എഫ്‌ഐആര്‍ പ്രകാരം വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, കുറ്റകരമായ വിശ്വസ ഹത്യ എന്നിവയ്ക്കെല്ലാം ചേര്‍ത്ത് യഥാക്രമം സെക്ഷന്‍ 420, സെക്ഷന്‍ 120 ബി, സെക്ഷന്‍ 406 എന്നീ ഇന്ത്യന്‍ പീനല്‍കോഡ് വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തട്ടിപ്പിന് ഇടയായത് ബാങ്കും, ബാങ്ക് നിയോഗിച്ച ഏജന്‍സിയും തമ്മിലാണെന്നും. ഇതില്‍ സ്റ്റാച്യു ഓഫ് യൂണിറ്റി മാനേജ്മെന്‍റിന് ഒരുതരത്തിലും ഉത്തരവാദിത്വം ഇല്ലെന്നുമാണ് മാനേജ്മെന്‍റ് പറയുന്നത്.