അപകടങ്ങള്‍ കൂടുന്നു; മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമസേന
Jul 30, 2022, 12:11 IST

മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാൻ വ്യോമസേന.അപകടനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് വിമാനങ്ങള്‍ പിന്‍വലിക്കുന്നത്. ഈ സെപ്റ്റംബര്‍ മുതല്‍ അതിനുള്ള നടപടികള്‍ ആരംഭിക്കും. 2025ഓടെ നടപടികള്‍ പൂര്‍ത്തിയാക്കും.സിംഗിള്‍ എന്‍ജിന്റെ നാല് സ്‌ക്വാര്‍ഡനും പിന്‍വലിക്കാനാണ് വ്യോമസേനയുടെ പദ്ധതി.
1969 ലാണ് മിഗ്ഗ് 21 സൂപ്പര്‍സോണിക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയിലെത്തിയത്.മിഗ് 21 വിമാനങ്ങളുടെ അപകടങ്ങളില്‍ 200ലധികം പൈലറ്റുമാരും അന്‍പതോളം യാത്രക്കാരും ഇതുവരെ മരിച്ചെന്നാണ് റിപ്പോര്‍ട്ട് .
ഈ മാസം മിഗിന്റെ ട്രെയിനര്‍ വിമാനം രാജസ്ഥാനിലെ ബാര്‍മറില്‍ തകര്‍ന്നുവീണിരുന്നു. പരിശീലന പറക്കലിനിടെയാണ് അപകടം. രണ്ട് പൈലററുമാരും മരിച്ചു. അപകടത്തിന്റെ കാരണം വ്യോമസേന അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ 20 മാസത്തിനിടയില്‍ ആറ് മിഗ്-21 വിമാനങ്ങളാണ് തകര്‍ന്നത്. ഈ അപകടങ്ങളില്‍ അഞ്ച് പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഒരുകാലത്ത് വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 സോവിയറ്റ് കാലഘട്ടത്തിലെ സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍/ഗ്രൗണ്ട് അറ്റാക്ക് യുദ്ധവിമാനമാണ്.
2019-ഫെബ്രുവരിയില്‍ പാകിസ്താന്‍ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വര്‍ത്തമന്‍ വെടിവെച്ചിട്ടത് മിഗ്-21 വിമാനത്തില്‍ നിന്നാണ്. എന്നാല്‍ ഇതിനു പിന്നാലെ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ചിട്ടു. അദ്ദേഹത്തെ തടവിലാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പരിശീലന പറക്കലിനിടെ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. ഭീംദ ഗ്രാമത്തില്‍ അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല. ഉതര്‍ലായ് എയര്‍ ബേസില്‍നിന്ന് വൈകീട്ടാണ് വിമാനം പറന്നുയര്‍ന്നത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചിരുന്നു.