അമരീന്ദര്‍ സിങ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും

 
amir

മുൻ കോൺഗ്രസ് നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദർ സിങ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. ചികിത്സാവശ്യാർത്ഥം നിലവിൽ സിങ് ലണ്ടനിലാണ്. അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ചികിത്സ കഴിഞ്ഞ് ലണ്ടനിൽ നിന്ന് അമരീന്ദര്‍ തിരിച്ചെത്തിയാലുടന്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ബിജെപി ലയനം ഉണ്ടായേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്ന വിവരങ്ങൾ പുറത്തു വന്നത്. നടുവിന് ശസ്ത്രക്രിയ ചെയ്യാനായാണ് അമരീന്ദര്‍ ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി അമരീന്ദറുമായി ഫോണില്‍ സംസാരിച്ചിരുന്നു.

പഞ്ചാബിലെ നേതൃ തർക്കത്തെത്തുടർന്നായിരുന്നു അമരീന്ദർ സിങ് കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നത്. ഇതിന് പിന്നാലെ അദ്ദേഹം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പാർട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യവുമായി ചേർന്നായിരുന്നു പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പട്യാലയിൽ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

ഓഗസ്റ്റ് 6നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. ജൂലൈ 19ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 233 രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, 12 നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ, 543 പേർ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ, എന്നിങ്ങനെയായി 788 അംഗങ്ങളാണ് പാർലമെന്റിലുള്ളത്.