ഡ്യൂട്ടി തർക്കത്തിൽ രോഷാകുലനായ സൈനികൻ നാല്‌ സൈനികരെ വധിച്ച ശേഷം സ്വയം വെടിവെച്ചു മരിച്ചു

 
BSF
ഡ്യൂട്ടി സംബന്ധിച്ച തര്‍ക്കത്തില്‍ അസ്വസ്ഥനായ ബി.എസ്‌.എഫ്‌.ജവാന്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ത്ത്‌ നാല്‌ സൈനികരെ വധിച്ചു, പിന്നീട്‌ സ്വയം വെടിവെച്ച്‌ മരിക്കുകയും ചെയ്‌തു. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ അതിർത്തി സുരക്ഷാ സേന ആസ്ഥാനത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം.

വെടിവെപ്പിൽ 4 ജവാന്മാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അതേ സമയം വെടിയുതിർത്ത സൈനികൻ പിന്നീട് സ്വയം വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഇയാളും മരിച്ചു. വെടിയുതിർത്ത ജവാൻ 144 ബറ്റാലിയനിലെ കോൺസ്റ്റബിൾ എസ്കെ സത്യപ്പ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്യൂട്ടി സംബന്ധിച്ച തർക്കമാണ് വെടിവെപ്പിന് കാരണമെന്ന് പറയുന്നു.

ബിഎസ്എഫ് ആസ്ഥാനത്തെ മെസ്സിൽ 144 ബറ്റാലിയനിലെ സൈനികർ പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടയിൽ ബറ്റാലിയൻ 144-ലെ കോൺസ്റ്റബിൾ സത്യപ്പ രോഷാകുലനായി വന്ന് വെടിയുതിർക്കുകയായിരുന്നു. മെസ്സില്‍ നിന്നും വെടിയുതിര്‍ത്തുകൊണ്ടു തന്നെ ഇറങ്ങിയോടിയ സത്യപ്പ സ്വയം വെടിവെക്കുകയും ചെയ്‌തു. ആശുപത്രിയിലേക്കുള്ള വഴിയിലാണ്‌ ഇയാള്‍ മരിച്ചത്‌. പരിക്കേറ്റ ജവാൻ രാഹുലിനെ ഗുരുനാനാക്ദേവ് ആശുപത്രിയിൽ നിന്ന് പിന്നീട് തിരക്കിട്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.