ഗോവയിൽ കോൺഗ്രസ്‌ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്‌

 
bjp
ഗോവയിൽ പതിനൊന്ന്‌ കോൺഗ്രസ്‌ എംഎൽഎമാരും ഭൂരിഭാഗവും ബിജെപിയിലേക്ക്‌ കൂറുമാറുമെന്ന്‌ റിപ്പോർട്ടുകൾ. മുതിർന്ന നേതാവ്‌ ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ്‌ വിമതനീക്കം. തിങ്കളാഴ്‌ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ്‌ കോൺഗ്രസ്‌ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ പോവുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്‌. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്‌ ഗോവയിൽ തങ്ങുന്നതും അഭ്യൂഹങ്ങൾക്ക്‌ കരുത്തുപകർന്നു. ചൊവ്വാഴ്‌ച നിശ്‌ചയിച്ചിരുന്ന ഡെപൃൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കുകയും ചെയ്‌തു.

വിമതനീക്കത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ കോൺഗ്രസ്‌ അടിയന്തരമായി എംഎൽഎമാരുടെ യോഗം വിളിച്ചെങ്കിലും ഏഴുപേർ മാത്രമാണ്‌ പങ്കെടുത്തത്‌. ദിഗംബർ കാമത്തുമായി പിസിസി പ്രസിഡന്റ്‌ അമിത്‌ പത്‌കറും എഐസിസി ഇൻചാർജ്‌ ദിനേശ്‌ ഗുണ്ടുറാവുവും കൂടിക്കാഴ്‌ച നടത്തി. പ്രതിപക്ഷ നേതാവ്‌ മൈക്കൽ ലോബോയും ബിജെപിയിലേക്ക്‌ ചേക്കേറുമെന്ന്‌ സൂചനയുണ്ട്‌. ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായാണ്‌ ലോബോ ബിജെപി വിട്ട്‌ കോൺഗ്രസിൽ ചേർന്നത്‌.

ഫെബ്രുവരിയിലെ നിയമസഭാതെരഞ്ഞെടുപ്പിന്‌ മുമ്പായി ജയിച്ചാൽ ആരും കൂറുമാറില്ലെന്ന്‌ എല്ലാ സ്ഥാനാർത്ഥികളെയും കൊണ്ട്‌ കോൺഗ്രസ്‌ പ്രതിജ്‌ഞയെടുപ്പിച്ചിരുന്നു. എംഎൽഎമാരുടെ മതം നോക്കി അമ്പലത്തിലും പള്ളിയിലും വെച്ചായിരുന്നു പ്രതിജ്‌ഞ. എല്ലാ എംഎൽഎമാരും തങ്ങൾക്കൊപ്പമുണ്ടെന്നും ആരും ബിജെപിയിലേക്ക്‌ പോയിട്ടില്ലെന്നും പിസിസി പ്രസിഡന്റ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്‌. എന്നാൽ ആരം പോയിട്ടില്ല. 11 പേരും കോൺഗ്രസിൽ തന്നെ തുടരുകയാണ്‌–- അമിത്‌ പത്‌കർ പറഞ്ഞു. എംഎൽഎമാരുടെ യോഗത്തിൽ ഏഴുപേർ പങ്കെടുത്തുവെന്ന്‌ നുവെം എംഎൽഎ അലക്‌സിയോ സെക്വിര പറഞ്ഞു. എംഎൽഎമാർ ബിജെപിയിലേക്ക്‌ പോകുമെന്ന്‌ അഭ്യൂഹങ്ങളുണ്ട്‌. എന്ത്‌ ചെയ്യാനാകും. തന്റെ കാര്യത്തിൽ മാത്രം ഉറപ്പുണ്ട്‌. മറ്റുള്ളവരുടെ കാര്യം പറയാനാകില്ല–- സെക്വിര പറഞ്ഞു.

2019 ലും കോൺഗ്രസ്‌ എംഎൽഎമാർ കൂട്ടമായി ബിജെപിയിൽ ചേർന്നിരുന്നു. പ്രതിപക്ഷ നേതാവ്‌ ചന്ദ്രകാന്ത്‌ കവലേക്കറുടെ നേതൃത്വത്തിൽ ഒമ്പത്‌ കോൺഗ്രസ്‌ എംഎൽഎമാരാണ്‌ കാവി പാളയത്തിലേക്ക്‌ പോയത്‌. കവലേക്കർ പിന്നീട്‌ ഉപമുഖ്യമന്ത്രിയായി. 2017  ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോൺഗ്രസിന്‌ സർക്കാർ രൂപീകരിക്കാനായില്ല. 13 സീറ്റ്‌ മാത്രം നേടിയ ബിജെപി ചെറുകക്ഷികളെയും സ്വതന്ത്രരെയും കൂട്ടുപിടിച്ച്‌ ഭരണം പിടിക്കുകയായിരുന്നു. പിന്നീട്‌ ഒമ്പത്‌ കോൺഗ്രസ്‌ എംഎൽഎമാർ കൂറുമാറുക കൂടി ചെയ്‌തതോടെ സർക്കാർ ഭദ്രമായി. കഴിഞ്ഞ നിയമസഭയുടെ കാലാവധി അവസാനിക്കുമ്പോൾ 17 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിന്റെ അംഗബലം നാലായി ചുരുങ്ങിയിരുന്നു.